കരുനാഗപ്പള്ളി : മലയാള സാഹിത്യ പ്രതിഭകളുടെ നാമധേയത്തിൽ ഗവൺമെന്റ് യു.പി.ജി സ്കൂളിൽ തയ്യാറാക്കിയ ക്ലാസ് റൂം ലൈബ്രറികളുടെ സമർപ്പണം കേരള സാഹിത്യ അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. സ്കൂൾ എസ്.എം.സിയുടെ നേതൃത്വത്തിലാണ് ലൈബ്രറികൾ തയ്യാറാക്കിയത്. എസ്.എം.സി ചെയർപേഴ്സൺ ആർ.കെ. ദീപ അദ്ധ്യക്ഷത വഹിച്ചു.
സി.പി. ആശാൻ ഗ്രന്ഥശാലയുമായി ചേർന്ന് സ്കൂൾ നടത്തിയ വായനപക്ഷാചരണത്തിന്റെ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടത്തി. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരവും കുട്ടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ. ശോഭ, നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, ശക്തികുമാർ , എ.ഇ.ഒ. ടി. രാജു, ബി.പി.ഒ മധു, സ്റ്റാഫ് സെക്രട്ടറി കെ.എൻ. ആനന്ദൻ എന്നിവർ സംസാരിച്ചു.