ഓടനാവട്ടം: അടുക്കളയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വ്യാപാരശാലയിലെ സെയിൽസ് മാനായ ബിനുയോഹന്നാന്റെ വാപ്പാല കോണത്തുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
ബിനു യോഹന്നാൻ, ഭാര്യ പിങ്കി, നാലു വയസുള്ള മകൻ ഏബൽ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ബിനു കടയിൽ ജോലിക്കും ഭാര്യ ജോലിക്ക് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലും പോയനേരത്താണ് അപകടം. മകനെ പഠിക്കാനും കൊണ്ടാക്കിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഗ്യാസ് ഏജൻസിയിൽ നിന്ന് കൊണ്ടുവന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
രണ്ട് അടുക്കളകളും തകർന്നതിന് പുറമേ മിക്ക ചുമരുകളും പൊട്ടി. ജനാലകളും ചില്ലലമാരകളും ചിന്നിച്ചിതറി. സ്ഫോടനം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ അറിയിച്ചതിനെ തുടന്ന് പൊലീസും ഫയർ ഫോഴ്സും എത്തി. വെള്ളമൊഴിച്ച് അടുക്കളകൾ വൃത്തിയാക്കുകയും മുറികൾ തള്ളിത്തുറന്ന് അപായം ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഗൃഹനാഥൻ എത്തുമ്പോഴേക്കും രക്ഷാ പ്രവർത്തനം പൂർത്തിയായിരുന്നു.
25 ലക്ഷത്തോളം രൂപ ചെലവിൽ മൂന്നു വർഷം മുമ്പ് പണി തീർത്ത വീടിന് 12 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്ന് ബിനു യോഹന്നാൻ പറഞ്ഞു.
പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ.കെ.രാധകൃഷ്ണൻ, എ.എസ്.ഐ.സി.ഷാജി, വനിതാ പൊലീസ് ഓഫീസർ ലൈല, കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ നിന്ന് അസി.സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർമാൻമാരായ എസ്.അനിൽകുമാർ, വി.എം മനോജ്, ജെ.ഷൈൻ, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.