kseb
കേരള പൊലീസും കെ.എസ്.ഇ.ബിയും തമ്മിൽ നടന്ന വോളിബോൾ മത്സരം. കെ.എസ്.ഇ.ബി വിജയിച്ചു

കൊല്ലം: നഗരത്തിന് കായികാവേശം നൽകി പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ആരംഭിച്ചു. ഇന്നലെ വൈകിട്ട് സ്റ്റേഡിയം കോർണറിൽ നടന്ന സൗഹൃദ വോളിബോൾ മത്സരത്തിൽ കേരള പൊലീസിന്റെ ടീമിനെ കെ.എസ്.ഇ.ബി പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു കെ.എസ്.ഇ.ബിയുടെ വിജയം. കേരള പൊലീസിന് വേണ്ടി കളത്തിലിറങ്ങിയ ദേശീയ താരം രതീഷ് ഉൾപ്പെടെ സംസ്ഥാന - ദേശീയ താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി.എ.മുഹമ്മദ് ആരിഫ് മത്സരം ഉദ്ഘാടനം ചെയ്തു. കൊല്ലം എ.സി.പി എ.പ്രദീപ്കുമാർ, കൊല്ലം എ.ആർ.ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് വി.എസ്.ചിത്രസേനൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജിജു.സി.നായർ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കണക്കിന് കായിക പ്രേമികളാണ് മത്സരം കാണാനെത്തിയത്.

നാളെ

വൈകിട്ട് 4.30ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം ഇന്ത്യയുടെ മുൻ ഫുട്ബോൾ ക്യാപ്ടൻ ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്യും. കേരള പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും ടീമുകൾ തമ്മിലാണ് മത്സരം. ഇന്ത്യയുടെ മുൻ ഗോൾ കീപ്പർ കെ.ടി.ചാക്കോ, ഇന്ത്യയുടെ മുൻ ഫുട്ബോൾ താരങ്ങളായ കുരികേശ് മാത്യു, യു.ഷറഫലി തുടങ്ങിയ പ്രമുഖർ മത്സരം കാണാനെത്തും. 21 മുതൽ 23 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം.