ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലട തലയിണക്കാവ് അടിപ്പാതയുടെ ടെൻഡർ നടപടി പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും നിർമ്മാണം ആരംഭിക്കാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായെത്തിച്ച സാധനങ്ങൾ തുരുമ്പെടുത്തും പ്രദേശം കാടുപിടിച്ചും നശിക്കുകയാണ്. പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമാണ് തലയിണക്കാവ് അടിപ്പാത. ഒരു വശത്ത് കല്ലടയാറും മറുവശത്ത് റെയിൽപ്പാതയും കാരണം ഒറ്റപ്പെട്ട സ്ഥിതിയിലായ പടിഞ്ഞാറേ കല്ലടയിലെ കോതപുരം നിവാസികളുടെയും മൺറോത്തുരുത്തിലെ കിടപ്രം ഭാഗത്തുള്ളവരുടെയും വർഷങ്ങളായുള്ള ആവശ്യമാണ് തലയിണക്കാവ് അടിപ്പാത യാഥാർത്ഥ്യമാകുക എന്നത്.
പ്രക്ഷോഭം സംഘടിപ്പിക്കും
കൊല്ലം - പെരുമൺ - ശാസ്താംകോട്ട പാതയുടെ ഭാഗമായി വരുന്ന തലയിണക്കാവ് അടിപ്പാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ജനപ്രതിനിധികൾ മറന്നു പോകുന്നതിന്റെ തെളിവാണ് പൊതുഖജനാവിലെ പണം മുടക്കി വാങ്ങിയ സാധനങ്ങൾ വർഷങ്ങളായി വഴിയിൽ കിടന്നു നശിക്കുന്നത്.
റെയിൽവേ ഗേറ്റ്
ഇടക്കിടെ തകരാറിലാവുന്ന റെയിൽവേ ഗേറ്റ് വഴി പ്രധാനപാത കടന്നു പോകുന്ന കാരാളിമുക്കിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം. അത്യാസന്ന നിലയിലുള്ള രോഗികളുമായെത്തുന്ന വാഹനങ്ങൾ ഗേറ്റിൽ കുടുങ്ങുന്നത് നിത്യ സംഭവമാണ്. തലയിണക്കാവ് അടിപ്പാത യാഥാർത്ഥ്യമായാൽ യാത്രക്കാർക്ക് എളുപ്പത്തിൽ കാരാളിമുക്കിലെത്താൻ സാധിക്കും.
തലയിണക്കാവ് അടിപ്പാതയുടെ നിർമ്മാണത്തിനായി പൊതുഖജനാവിലെ പണം മുടക്കി വാങ്ങിയ സാധനങ്ങൾ വർഷങ്ങളായി വഴിയിൽ കിടന്നു നശിക്കുകയാണ്. എം.പി അടക്കമുള്ള ജനപ്രതിനിധികൾ വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരണം
എ. സാബു, മുൻ വാർഡ് മെമ്പർ
രണ്ടു പഞ്ചായത്തുകളുടെ ആവശ്യമാണ് തലയിണക്കാവ് അടിപ്പാത യാഥാർത്ഥ്യമാവുകയെന്നത്. ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ഖേദകരമാണ്. ജനപ്രതിനിധികൾ ഇടപെട്ട് എത്രയും വേഗം നിർമ്മാണം ആരംഭിക്കാനുള്ള നടപടി കൈക്കൊള്ളണം.
അഡ്വ. ത്രിദീപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്, പടിഞ്ഞാറേ കല്ലട
ടെൻഡറി നടപടി പൂർത്തിയായത് 2014- 2015 ൽ
അടിപ്പാത നിർമ്മിക്കുന്നത് 7 മീറ്റർ വീതിയിൽ