kunnathoor
കുന്നത്തൂർ നിലയ്ക്കൽ കോളനിയിൽ പ്രവർത്തനം നിലച്ച ടി.വി സെന്റർ

കുന്നത്തൂർ: പട്ടികജാതി കോളനിയിൽ പ്രവർത്തിച്ചു വന്ന ടി.വി സെന്ററിന്റെ പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷം പിന്നിടുന്നു. കുന്നത്തൂർ പഞ്ചായത്തിലെ നിലയ്ക്കൽ അംബേദ്കർ കോളനിയിൽ സ്ഥാപിച്ച ടി.വി സെന്ററാണ് നാട്ടുകാർക്ക് പ്രയോജനപ്പെടാതെ നശിക്കുന്നത്. ഇരുപത് വർഷം മുൻപാണ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ടി.വി സെന്റർ ആരംഭിച്ചത്. ഇപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റർ പതിക്കാനുള്ള ചുവരായി മാറിയിരിക്കുകയാണ് ടി.വി സെന്റർ. ഇത് നവീകരിച്ച് ലൈബ്രറിയും റീഡിംഗ് സെന്ററും തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നാട്ടുകാരുടെ ഒത്തുകൂടൽ വേദി!

കോളനി നിവാസികൾ വാർത്തകളും വിനോദ വിജ്ഞാന പരിപാടികളും ക്രിക്കറ്റ്, ഫുട്ബാൾ തുടങ്ങിയ കായിക മത്സരങ്ങളും കാണുന്നതിന് ഒത്തുകൂടിയിരുന്നത് ഇവിടെയായിരുന്നു. ടി.വി സെന്റർ പ്രവർത്തിപ്പിക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.