private-bus
PRIVATE BUS

കൊല്ലം: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിലെ ചില സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് അയിത്തം കൽപ്പിക്കുന്ന നയം തുടരുന്നതായി പരാതി. വിദ്യാർത്ഥികൾ കയറിയാൽ മറ്റ് യാത്രക്കാർ കയറില്ലെന്ന ചിന്തയിലാണ് ഇപ്പോഴും ഇത് തുടരുന്നത്.

രാവിലെ 8.30 മുതൽ 9.30 വരെ ബസുകളിൽ ഏറ്റവും തിരക്കുള്ള സമയമാണ്. ബസിൽ കയറാനായി ഡോറിനരികിൽ എത്തുമ്പോൾ തന്നെ പല സ്വകാര്യ ബസുകളിലെയും കണ്ടക്ടർമാർ മാറിനിൽക്കാൻ ആവശ്യപ്പെടുകയും അപഹസിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിലും സ്ഥലപരിമിതിയാണ് അടുത്ത ബസിൽ വന്നാൽ മതിയെന്ന് ആവശ്യപ്പെടുന്നവരും ചുരുക്കമല്ല. അതേസമയം വിദ്യാർത്ഥികളെ കയറ്റുന്ന ബസുകളും ഉണ്ട്.

പരീക്ഷാ സമയത്ത് ബസിൽ കയറ്റാതിരുന്നതിനെ തുടർന്ന് താമസിച്ച് കോളേജിൽ എത്തേണ്ടി വന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ പരാതിപ്പെട്ടെങ്കിലും ബസുടമയ്ക്കെതിരെയോ ജീവനക്കാർക്കെതിരെയോ നടപടി ഉണ്ടായില്ലെന്ന് പറയുന്നു.

മുമ്പും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയം വിദ്യാർത്ഥി സംഘടനകളുടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നത് മൂലം പരാതികൾ കുറഞ്ഞുവന്നിരുന്നു. കഴിഞ്ഞ മാസം വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്ന് കൊട്ടിയത്തും കൊല്ലത്തും വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ തടഞ്ഞിരുന്നു.

അതേസമയം സ്വകാര്യ ബസുകൾ ഓടുന്ന പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ വ്യാപകമായതോടെ മുതിർന്ന യാത്രക്കാർ സ്വകാര്യബസുകൾ ഒഴിവാക്കുന്നുവെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.

 വിദ്യാർത്ഥികൾ ശല്യമത്രേ... പ്രതിഷേധിക്കാൻ ഭയം

ബാഗുകളുമായി കയറുന്ന കുട്ടികൾ മറ്റ് യാത്രക്കാർക്ക് ശല്യമാകുമെന്നും സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും കരുതിയാണ് സ്വകാര്യബസുകൾ വിദ്യാർത്ഥികൾക്ക് അയിത്തം കൽപ്പിക്കുന്നത്. പരാതിപ്പെട്ടാൽ പിന്നീട് ബസിൽ കയറ്റില്ലെന്ന ഭയം മൂലം പല കുട്ടികളും പ്രതിഷേധിക്കാൻ തയ്യാറാകില്ല. സീറ്റിൽ ഇരിക്കാൻ ഭയപ്പെടുന്നവരും ചുരുക്കമല്ല. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള റൂട്ടുകളിലാണ് സഞ്ചരിക്കേണ്ടതെങ്കിൽ ഈ പേടി കുറച്ചധികമാകും. കാരണം അടുത്ത തവണ ബസിൽ കയറ്റുമെന്ന് യാതൊരു ഉറപ്പുമില്ല.

 സ്വകാര്യ ബസുകൾക്കെതിരെ ഇത്തരം പരാതികൾ ഇപ്പോൾ വളരെ കുറവാണ്. പരാതി ലഭിച്ചാൽ ഉടനടി തന്നെ നടപടികൾ സ്വീകരിക്കാറുണ്ട്.

ആർ.ടി.ഒ