dist

 പുതിയ യന്ത്രം വാങ്ങണമെന്ന ആവശ്യത്തിന് പുല്ലുവില

കൊല്ലം: ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനിംഗിന്റെ വരുമാനം ചട്ടവിരുദ്ധമായി ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കും വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ ഈ അക്കൗണ്ടിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ തുക ഉപയോഗിച്ച് പുതിയ സി.ടി സ്കാൻ യന്ത്രം സ്ഥാപിക്കണമെന്ന ആവശ്യവും ജില്ലാ പഞ്ചായത്ത് അധികൃതർ പരിഗണിക്കുന്നില്ല.

ജില്ലാ പഞ്ചായത്തോ സന്നദ്ധ സംഘടനകളോ നൽകുന്ന എല്ലാ ഉപകരണങ്ങളും ജില്ലാ ആശുപത്രിയുടെ ആസ്തിയായി മാറുമെന്നാണ് ചട്ടം. ഇതിൽ നിന്നുള്ള വരുമാനം ജില്ലാ ആശുപത്രിക്ക് അവകാശപ്പെട്ടതാണ്. ഇതിന് വിരുദ്ധമായാണ് സി.ടി സ്കാനിംഗിന്റെ വരവ് ജില്ലാ പഞ്ചായത്ത് എടുക്കുന്നത്. അതേസമയം, പിന്നീട് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച എം.ആർ.ഐ സ്കാനിന്റെ വരുമാനം ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള എച്ച്.എം.സിയുടെ (ഹോസ്പിറ്റിൽ മാനേജ്മെന്റ് കമ്മിറ്റി) അക്കൗണ്ടിലേക്കാണ് പോകുന്നത്.

2008 ലാണ് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്ത പദ്ധതിയായി ജില്ലാ ആശുപത്രിയിൽ സി.ടി സ്കാൻ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ എച്ച്.എം.സിയുടെ അക്കൗണ്ടിലേക്കാണ് വരുമാനം എത്തിയിരുന്നത്. പിന്നീട് സംയുക്ത പദ്ധതിയെന്ന ന്യായം പറഞ്ഞ് വരുമാനം നിക്ഷേപിക്കാൻ പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ഒരോ വർ‌ഷവും രണ്ട് കോടിയോളം രൂപ ഈ അക്കൗണ്ടിലേക്ക് എത്തുന്നുണ്ട്. സി.ടി സ്കാനിംഗ് യന്ത്രം പ്രവർത്തിപ്പിക്കാൻ നിയമിതരായ നാല് ടെക്നീഷ്യന്മാരുടെയും ശുചീകരണ ജീവനക്കാരുടെയും ശമ്പളം മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും നൽകുന്നത്. കുറഞ്ഞത് 15 കോടിയെങ്കിലും ഈ അക്കൗണ്ടിൽ മിച്ചമുണ്ടാകുമെന്നാണ് വിവരം.

'' എച്ച്.എം.സിയുടെ അക്കൗണ്ടിലെത്തേണ്ട പണം ജില്ലാ പഞ്ചായത്ത് സ്വന്തമാക്കുന്നത് ചട്ടവിരുദ്ധമാണ്. ഇതിനെതിരെ താൻ നേരത്തെ കോടതിയെ സമീപിച്ചതാണ്. കെട്ടിക്കിടക്കുന്ന പണം

ഉപയോഗിച്ച് പുതിയ സ്കാനിംഗ് യന്ത്രം അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.''

"

മൗട്ടത്ത് ഉണ്ണിത്താൻ

(ജില്ലാ ആശുപത്രി, എച്ച്.എം.സി അംഗം)

 പ്രതിദിനം നടക്കുന്ന സ്കാനിംഗ് (ശരാശരി): 45

 പ്രതിവർഷ വരുമാനം (ശരാശരി): 1.5 കോടി

 അക്കൗണ്ടിലെ മൊത്തം തുക (ഏകദേശം) :15 കോടി