പ്രശസ്തി തീരെയില്ലായിരുന്നു മുമ്പ് ഇന്തോനേഷ്യയിലെ പേളംഗി എന്ന ഗ്രാമത്തിന്. എന്തിനേറെ, മറ്റു നാട്ടുകാർപോലും പേളംഗിയെക്കുറിച്ച് കേട്ടിട്ടേയില്ല. അങ്ങനെയായാൽ പോരല്ലോ, പേളംഗിക്കും പ്രശസ്തയാവേണ്ടേ. പേളംഗിക്കാരുടെ ഈ ചിന്തയാണ് ആ നാടിനെത്തന്നെ മാറ്റിമറിച്ചത്. അതിനൊരു ആശയവും അവർ കണ്ടെത്തി.
മഴവിൽ നിറങ്ങൾകൊണ്ട് പേളംഗിയെ വർണാഭമാക്കുക. ഇപ്പോൾ ആഗോള പ്രശസ്തമാണ് ഈ ഗ്രാമം. മഴവില്ല് ഭൂമിയിൽ പതിച്ചപോലെ തോന്നും ഈ ഗ്രാമം കണ്ടാൽ. മഴവിൽ ഗ്രാമം എന്ന പേരും ഗ്രാമത്തിന് നൽകി. കടുംചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പർപ്പിൾ എന്നീ നിറങ്ങളുപയോഗിച്ച് ഒരു വർണ്ണക്കാഴ്ച തന്നെ ഒരുക്കിയിരിക്കുകയാണ് ഇവിടെ.
കെട്ടിടങ്ങൾക്കും അവയുടെ മേൽക്കൂരകൾക്കും ചെറിയ പാലങ്ങൾക്കുമെല്ലാം നിറങ്ങൾ വാരിയെറിഞ്ഞിരിക്കുകയാണ്.
മേക്കോവർ നടത്താനായി 300,000,000 ഇന്തോനേഷ്യൻ രൂപയാണ് (14 ലക്ഷം രൂപ) നഗര കൗൺസിൽ ചെലവിട്ടത്. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതായി ടൂറിസം അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
54കാരനും സ്‌കൂൾ പ്രിൻസിപ്പലുമായ സ്ലാമെറ്റ് വിഡോഡോയാണ് മേക്കോവർ എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമത്തിലെ 231 വീടുകളിലും മൂന്നു നിറങ്ങളെങ്കിലും പെയിന്റ് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഇതോടെ ഇന്തോനേഷ്യയിലെ കളർഫുൾ വില്ലേജായി മാറി പേളംഗി. മാത്രമല്ല പേളംഗിയെക്കുറിച്ച് മറ്റ് നാട്ടുകാർ ചർച്ച ചെയ്യാനും തുടങ്ങി.