photo
റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന കരിമണൽ

കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് കരിമണൽ വ്യാപകമായി കടത്തിക്കൊണ്ട് പോകുന്നതായി പ്രദേശവാസികളുടെ പരാതി. സ്വകാര്യ മണൽ മാഫിയാ സംഘങ്ങൾ രാത്രിയാണ് മണൽ കടത്തുന്നത്. ആലപ്പാട്ട് തുറ മുതൽ വടക്കോട്ട് പല ഭാഗങ്ങളിലും റോഡിന്റെ വശങ്ങളിൽ കരിമണൽ കൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. കടലിൽ നിന്ന് കരയിലേക്ക് അടിച്ച് കയറുന്ന തിരമാലകളെ തടയാനെന്ന വ്യാജേനെയാണ് കടൽത്തീരങ്ങളിൽ മണൽ കൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ തീരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന കരിമണൽ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ഇതിന് ശേഷം കുറേ നാളത്തേക്ക് ഈ ഭാഗങ്ങളിൽ കരിമണൽ സംഭരിക്കാറില്ല. പിന്നീട് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുകയാണ് സ്വകാര്യ മണൽ മാഫിയാ സംഘങ്ങളുടെ പതിവ്. ഇരുചെവി അറിയാതെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് കരിമണൽ കടത്തിക്കൊണ്ട് പോകുന്നത്. ആയിരതെങ്ങ്, കല്ലുംമൂട്ടിൽക്കടവ്, പണിക്കർക്കടവ് പാലങ്ങൾ വഴി കടന്ന് വരുന്ന വാഹനങ്ങളിലാണ് മണൽ കടത്തുന്നത്.

കാമറകൾ സ്ഥാപിക്കണം

ഗ്രാമ പഞ്ചായത്തിന്റെ സുപ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളില്ലാത്തതിനാലാണ് മണൽ കയറ്റിപ്പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിയാത്തത്. മണൽ കടത്ത് തടയുന്നതിനായി മുമ്പ് ഏർപ്പെടുത്തിയിരുന്ന പൊലീസ് ഔട്ട് പോസ്റ്റ് പുനസ്ഥാപിക്കണമെന്നും നിരീക്ഷണ കാമറകൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പൊലീസ് ഔട്ട് പോസ്റ്റിന്റെ പ്രവർത്തനം നിറുത്തിയത് വിനയായി

ആയിരം തെങ്ങ് പാലത്തിന് സമീപം വർഷങ്ങൾക്ക് മുമ്പ് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതു വഴി കടന്ന് പോകുന്ന വാഹനങ്ങളിൽ പൊലീസ് കർശന പരിശോധനയും നടത്തിയിരുന്നു. ഇതോടെ കരിമണൽ കടത്ത് വലിയ അളവിൽ തടയാൻ കഴിഞ്ഞിരുന്നു. കൂടാതെ രാത്രിയിൽ കടൽത്തീരത്ത് പൊലീസ് പട്രോളിംഗും പതിവായിരുന്നു. എന്നാൽ ഒരു വർഷത്തിന് മുമ്പ് ആയിരംതെങ്ങിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഔട്ട് പോസ്റ്റിന്റെ പ്രവർത്തനം നിറുത്തുകയും പൊലീസിനെ തിരിച്ച് വിളിക്കുകയും ചെയ്തതോടെയാണ് കരിമണൽ കടത്ത് വീണ്ടും വ്യാപകമായത്.