കൊല്ലം: സാങ്കേതികവിദ്യയെ നാടൻ പ്രയോഗത്തിലൂടെ മറികടന്ന് മോഷ്‌ടാവ്. നിരീക്ഷണ കാമറകൾ ഇലക്കുമ്പിൾ കൊണ്ട് മറച്ച് ആഡംബര സൈക്കിൾ മോഷ്ടിച്ച വിരുതൻ നാട്ടുകാർക്ക് പുറമേ പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. മുണ്ടയ്‌ക്കൽ വെസ്‌റ്ര് കാക്കവീട്ടിൽ എം. ശശിധരന്റെ വീട്ടിൽ നിന്നാണ് ഇരുപതിനായിരം രൂപ വിലവരുന്ന സൈക്കിൾ മോഷണം പോയത്.
മഴ ശക്തമായി പെയ്ത ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം സൈക്കിൾ കാണാഞ്ഞതോടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെയുള്ള ദൃശ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കാമറകൾ പരിശോധിച്ചപ്പോൾ രണ്ടിലും തേക്കില കൊണ്ടുള്ള കുമ്പിൾ കുത്തി മറച്ച നിലയിലായിരുന്നു. വീണ്ടും മുന്നിലേക്കുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ 2.15 ഓടെ ഒരാൾ തേക്കില കൊണ്ട് മുഖം മറച്ച് കണ്ണുകൾക്ക് വേണ്ടി മാത്രം സുഷിരങ്ങളുണ്ടാക്കി മറ്റൊരില കുമ്പിൾ കുത്തി കാമറ മറയ്‌ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ആദ്യ കാമറ മറച്ച ശേഷം സൈക്കിൾ പൊക്കിയെടുത്ത് മതിലിന് മുകളിൽ വച്ചപ്പോഴാണ് വീടിന് മുൻവശത്തെ കാമറ കണ്ണിൽപ്പെട്ടത്. തുടർന്ന് രണ്ടാമത്തെ കാമറയും സമാന രീതിയിൽ മറച്ചു.
ഈ സമയം പ്രവർത്തിച്ചിരുന്ന ഏകദേശം അര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലെ കാമറയിൽ വെള്ള പാന്റ്സ് ധരിച്ച കള്ളൻ സൈക്കിൾ ചവിട്ടി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ മറ്റ് വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.