കൊല്ലം: ഒത്തുതീർപ്പാകാതെ കിടക്കുന്ന കേസുകളും ബാങ്ക് വായ്‌പാ തർക്കങ്ങളും ഉൾപ്പെടെ പരിഹരിക്കാൻ ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലുമായി 36 കേന്ദ്രങ്ങളിൽ നാളെ ലോക് അദാലത്ത് നടത്തുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്‌ജിയുമായ എസ്.എച്ച്.പഞ്ചാപകേശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന ലോക് അദാലത്തിന്റെ ഭാഗമായാണ് ജില്ലയിൽ അദാലത്തിനായി 36 ബൂത്തുകൾ സജ്ജമാക്കിയത്. ഓരോ ബൂത്തിലും ഒരു
ന്യായാധിപനും മീഡിയേറ്ററായി ഒരു അഭിഭാഷകനും രണ്ട് കോടതി ജീവനക്കാരും ഉണ്ടാകും. ജുഡീഷ്യൽ ഓഫീസർമാർക്ക് പുറമേ, വിരമിച്ച ജഡ്‌ജിമാരും അദാലത്തിന് നേതൃത്വം നൽകും. പാരാലീഗൽ വോളണ്ടിയർമാരുടെ സഹായം കേന്ദ്രങ്ങളിലുണ്ടാകും. കോടതി ചെലവില്ലാതെ കേസുകൾ തീർപ്പാക്കാമെന്നതാണ് അദാലത്തിന്റെ പ്രത്യേകത. അദാലത്തിൽ തീർപ്പാക്കുന്ന കേസുകൾക്ക് അപ്പീലുകൾ അനുവദിക്കാത്തതിനാൽ തുടർന്നുള്ള നിയമ കുരുക്കുക്കൾ ഒഴിവാകും.
കോടതികളിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ, വിദ്യാഭ്യാസ വായ്‌പ അടക്കമുള്ള ബാങ്ക് കേസുകൾ, വാഹന അപകട ഇൻഷ്വറൻസ് കേസുകൾ എന്നിവ അദാലത്തിലൂടെ പരിഹരിക്കും. കേസുകൾ ഒത്ത് തീർപ്പാക്കുന്നതിന് മുൻകൂർ ചർച്ചകൾ നടത്തി ധാരണയിലെത്തിയിട്ടുണ്ട്.
പരാതിക്കാർക്കും എതിർ കക്ഷികൾക്കും അറിയിപ്പ് തപാലിലൂടെ നൽകിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ലീഗൽ സർവീസസ് അതോറിറ്റി കൊല്ലം താലൂക്ക് ചെയർമാനും അഡീഷണൽ ജില്ലാ ജഡ്‌ജിയുമായ ഇ.ബൈജു, ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ സുബിത ചിറയ്‌ക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തീർപ്പാക്കുന്നത്
ബാങ്ക് വായ്‌പാ കേസുകൾ: 2168
മോട്ടോർ വാഹന പെറ്റിക്കേസുകൾ: 1460
കോടതികളിൽ കെട്ടിക്കിടക്കുന്നവ : 5662
വാഹന അപകട നഷ്‌ടപരിഹാരം: 1164 (ചർച്ച തുടരുന്നു)
കേസുകൾ
തകരുന്ന കുടുംബ ബന്ധങ്ങൾ
വിദ്യാഭ്യാസ വായ്‌പ
സ്വകാര്യ പണിമിടപാട്
അപകട ഇൻഷ്വറൻസ്
ഭൂമി ഇടപാട്
സ്വത്തവകാശം
ടെലിഫോൺ വാടക, സേവനം