പുത്തൂർ: പുത്തൂർ കിഴക്കേച്ചന്തയിൽ രാത്രിയിൽ വെളിച്ചത്തിനുള്ള സംവിധാനമില്ലാത്തത് വെറ്റില കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വെറ്റച്ചന്ത പ്രവർത്തിക്കുന്നത്. പുലർച്ചെ വെറ്റിലയുമായി കർഷകർ ചന്തയിലെത്തും. പലപ്പോഴും മെഴുകുതിരി വെളിച്ചത്തിലാണ് വെറ്റിലക്കച്ചവടം നടത്തുന്നത്. നേരം പുലരും മുമ്പ് തന്നെ ഒട്ടുമിക്കവരുടെയും വെറ്റിലകൾ വിറ്റ് പോയിരിക്കും. പൊലീസ് സ്റ്റേഷനും ലൈബ്രറിയും മറ്റ് വ്യാപാര സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്ന ഭാഗമായിട്ടും ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടില്ല. ഉവിടെ മദ്യപരുടെ ശല്യവും കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. വെറ്റച്ചന്തയ്ക്ക് എത്തുന്നവർക്ക് ആശ്വാസകരമായ രീതിയിൽ വെളിച്ചത്തിന് സംവിധാനമുണ്ടാക്കണമെന്നാണ് വെറ്റില കർഷകരുടെ ആവശ്യം.
പണ്ട് മുതലേ പ്രസിദ്ധം
പുത്തൂരിലെ വെറ്റച്ചന്ത പണ്ട് മുതലേ പ്രസിദ്ധമാണ്. ചന്തയുടെ ഭാഗമായിരുന്ന ഭൂമിയാണ് പൊലീസ് സ്റ്റേഷന് വിട്ടുകൊടുത്തത്. ശേഷിച്ചതിൽ നല്ലൊരുപങ്ക് ഭാഗത്ത് നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് കെട്ടിടങ്ങളും നിർമ്മിച്ചു. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നതും ഇവിടെത്തന്നെയാണ്.