photo
എം.സി റോഡിൽ കൊട്ടാരക്കര മൈലം ജംഗ്ഷനിൽ ബുധനാഴ്ച കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം

കൊട്ടാരക്കര: എം.സി റോഡിലെ അപകടക്കെണിയായി മൈലം മാറുന്നു.

ഒരു വർഷത്തിനുള്ളിൽ മൈലം ജംഗ്ഷനിലും പരിസരത്തുമായി നടന്നത് ഇരുപതിൽപ്പരം വലിയ അപകടങ്ങളാണ്. നിരവധി ജീവനുകൾ പൊലിയുകയും ചെയ്തു. കൊട്ടാരക്കരയ്ക്കും ഏനാത്തിനും ഇടയിൽ കുളക്കടയിലായിരുന്നു മുമ്പ് ഏറ്റവും കൂടുതൽ അപകടം നടന്നിരുന്നത്.

ഇത് ഒഴിവാക്കാനായി നിരവധി തവണ യോഗം ചേർന്ന് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിൽ നാമമാത്രമായി ചിലകാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. കുളക്കടയിലെ അപകടങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോഴേക്കും മൈലം അപകടമേഖലയായി. ബുധനാഴ്ച കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വാഹനങ്ങളും തകർ‌ന്നിരുന്നു. ചെറിയ അപകടങ്ങൾ ആഴ്ചയിൽ രണ്ടെണ്ണം വീതം നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ആശങ്കയിലാണിവർ. പ്രശ്ന പരിഹാരത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

കെണിയൊരുക്കി കൊടുംവളവ്

എം.സി റോഡിൽ അമിത വേഗതയിലാണ് മിക്ക വാഹനങ്ങളും സഞ്ചരിക്കുന്നത്. വളവുകളില്ലാത്ത റോഡെന്ന ഖ്യാതിയിലാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പൂർത്തിയായപ്പോൾ മിക്കയിടത്തും കൊടും വളവുകളായി. മൈലം ജംഗ്ഷനിലും ഇത്തരത്തിലുള്ള വളവാണ് അപകട കാരണം.

അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിച്ച് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറിയ സംഭവങ്ങളുമുണ്ടായി. പട്ടാഴി ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാറുണ്ട്. പള്ളിക്കൽ നിന്നുമെത്തുന്ന വാഹനങ്ങളും റോഡിലേക്ക് കടക്കുന്നത് കൊട്ടാരക്കരയിൽ നിന്ന് എത്തുന്ന ഡ്രൈവർമാർക്ക് കാണാനാകില്ല. കാഴ്ച മറയുന്ന വിധം ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കാൽനടയാത്രികാർ റോഡ് മുറിച്ച് കടക്കുമ്പോഴും അടുത്തെത്തിയ ശേഷം മാത്രമേ ഡ്രൈവർമാർക്ക് കാണാനാകൂ.

പണിമുടക്കിയ ഹൈമാസ്റ്റ് ലൈറ്റും സിഗ്നൽ സംവിധാനവും

മൈലം ജംഗ്ഷനിൽ രാത്രികാലങ്ങളിൽ വെളിച്ചത്തിന് സംവിധാനമില്ല. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കിയിട്ട് നാളേറെയായി. അറ്റകുറ്റപ്പണി നടത്തി ഇതിൽ വെളിച്ചമെത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. അപകട മുന്നറിയിപ്പിനായി സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതും തകരാറിലാണ്.

സുരക്ഷിത ഇടനാഴി പദ്ധതി നടപ്പാക്കി

മൈലത്ത് സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി ചില്ലറ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓടകൾക്ക് മേൽമൂടി സ്ഥാപിച്ചത് വലിയ അനുഗ്രഹമായി മാറുകയും ചെയ്തു. നടപ്പാതയും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും അപകടങ്ങൾക്ക് തടയിടാനായിട്ടില്ല.

പൊലീസ് സേവനം വേണം

മൈലം ജംഗ്ഷനിൽ അപകടങ്ങൾ കൂടുന്നതിനാൽ ഇവിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം. ഗ്രാമപഞ്ചായത്ത് ഓഫീസും മറ്റ് സർക്കാർ സംവിധാനങ്ങളുമൊക്കെയുള്ള കവല ആയതിനാൽ എപ്പോഴും ഇവിടെ തിരക്കാണ്.

പ്രായത്തിന്റെ അവശതകൾ ഉള്ളവർക്ക് റോഡ് മുറിച്ചുകടക്കാനും തിരക്കേറിയ സമയത്ത് പ്രയാസമാണ്. ഇവർക്കായി പൊലീസ് സേവനം ആവശ്യമാണ്. ഘട്ടം ഘട്ടമായി മറ്റ് ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും വേണം.

1 വർഷം: 20 വലിയ അപകടങ്ങൾ

1 ആഴ്ചയിൽ: 2 ചെറിയ അപകടങ്ങൾ