kallada-
കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ പാഴ് മരങ്ങൾ വളർന്നു നിൽക്കുന്നു

ചാത്തന്നൂർ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച കല്ലട ജലസേചന പദ്ധതിയുടെ കനാൽ പാഴ് മരങ്ങൾ വളർന്ന് നശിക്കുന്നു. കെ.ഐ.പി കൊട്ടിയം ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കനാലുകളിലാണ് പാഴ്മരങ്ങൾ വളർന്നു നിൽക്കുന്നത്. റോഡുകൾക്ക് കുറുകേയുള്ള പല പാലങ്ങളിലും പാഴ് മരങ്ങളുടെ വേര് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ ഇതിന്റെ അറ്റകുറ്റപ്പണിക്കായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകാൻ പോകുന്നതെന്നും പ്രദേശവാസികൾ പറയുന്നു. വരൾച്ചാ സമയത്ത് കനാൽ തുറന്നു വിടുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ്. വരൾച്ച കടുക്കുമ്പോൾ കൃഷിക്കും കുടിവെള്ളത്തിനുമായി കനാൽ വെള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. കനാലിനകത്തു വളരുന്ന മരങ്ങൾ നീക്കം ചെയ്ത് കല്ലട ജലസേചന പദ്ധതിയുടെ കനാൽ സംരക്ഷിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

കനാലിന്റെ ഇരുവശങ്ങളും ഇടിയുന്നു

ഗ്രാമ പഞ്ചായത്തുകൾ മുൻകൈയെടുത്താണ് എല്ലാ വർഷവും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിനകത്തെ പുല്ല് ചെത്തി മാറ്റുന്നത്. എന്നാൽ കനാലിൽ വളരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ ഇവർക്ക് അധികാരമില്ല. കനാലിന്റെ പല സ്ഥലങ്ങളിലും പാഴ് മരങ്ങൾ വളരുന്നത് മൂലം ഇരു വശങ്ങളും ഇടിഞ്ഞു വീഴുന്നുണ്ട്.