കുന്നത്തൂർ: കാട് കയറിയ പ്രീമെട്രിക് ഹോസ്റ്റലിൽ ഇഴജന്തുക്കളുടെ ശല്യം മൂലം പെൺകുട്ടികളും ജീവനക്കാരും കഴിയുന്നത് ഭീതിയോടെ. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കുന്നത്തൂരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിനാണ് ഈ ദുരവസ്ഥ. ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിനാണ് പ്രീമെട്രിക് ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം. എന്നാൽ ബ്ലോക്ക് എസ്.സി ഓഫീസർ ഹോസ്റ്റലിലേക്ക് തിരിഞ്ഞു നോക്കാറു പോലുമില്ലെന്നാണ് ഇവിടെ താമസിക്കുന്നവർ പറയുന്നത്. ഹോസ്റ്റലിന് സമീപത്തെ കാട് വെട്ടിമാറ്റി ഇഴജന്തുക്കളുടെ ശല്യത്തിൽ നിന്ന് വിദ്യാർത്ഥിനികൾക്ക് സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രീമെട്രിക് ഹോസ്റ്റലുകളുടെ വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി ഇവിടെ താമസിച്ച് പഠനം നടത്തുന്നത് - 30 വിദ്യാർത്ഥിനികൾ
നടപടിയെടുക്കും
കുന്നത്തൂർ മെട്രിക് ഗേൾസ് ഹോസ്റ്റലിന്റെ പരിസരം കാട് മൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എത്രയും പെ
ട്ടെന്ന് കാട് വെട്ടിത്തെളിക്കും. ഇതിനായി പട്ടികജാതി വികസന ഫണ്ട് ഉപയോഗപ്പെടുത്തും.
കാരയ്ക്കാട്ട് അനിൽ (ബ്ലോക്ക് പഞ്ചായത്തംഗം)
ഹോസ്റ്റലിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി
കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ഫാക്ടറി ജംഗ്ഷനും ആറ്റുകടവ് ജംഗ്ഷനും മദ്ധ്യേയുള്ള കൊടുംവളവിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ദേവസ്വം, റവന്യൂ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയാണ് ഹോസ്റ്റലിനോട് ചേർന്നുള്ളത്. കല്ലടയാറിന്റെ തീരപ്രദേശം കൂടിയായ ഈ ഭാഗങ്ങൾ പൂർണമായും കാട് മൂടിക്കിടക്കുകയാണ്. പ്രധാന പാതയോരത്തെ അവസ്ഥയും ഇതു തന്നെ. ഇഞ്ചയും കാട്ടുവള്ളികളും ഹോസ്റ്റൽ കെട്ടിടത്തിലേക്കും മതിലിലേക്കും പടർന്നു കയറിയിരിക്കുകയാണ്.
പാമ്പുണ്ട്: സൂക്ഷിക്കുക
കാട് കയറിയ പ്രീമെട്രിക് ഹോസ്റ്റലിലും പരിസര പ്രദേശങ്ങളിലും ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണ്. ഇഴജന്തുക്കൾ ഹോസ്റ്റൽ പരിസരത്തെ പതിവ് കാഴ്ചയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. പെൺകുട്ടികൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.
അപകടങ്ങൾ നിരവധി
വർഷങ്ങൾക്കു മുമ്പ് ഹോസ്റ്റലിന് ഭീഷണിയായി മാറിയ കൂറ്റൻ പാലമരത്തിന്റെ ശിഖരങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചു മാറ്റിയിരുന്നു. മുമ്പ് റോഡ് നിരപ്പിൽ നിന്ന് താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിനു മുകളിലേക്ക് കൊല്ലം സ്വദേശിയുടെ കണ്ടയ്നർ ലോറി തലകീഴായി മറിഞ്ഞിരുന്നു. കുട്ടികൾ തലനാരിഴയ്ക്കാണ് അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. റവന്യൂ ഭൂമിയിൽ നിൽക്കുന്ന ആഞ്ഞിലി മരങ്ങൾ ഹോസ്റ്റലിനു മുകളിലേക്ക് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. അപകട മേഖലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിനെ അപകടമുക്തമാക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.