പുനലൂർ: തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവിൽ ഇരുസംസ്ഥാനങ്ങളിലേക്കും അനധികൃത ടാക്സി സർവീസുകൾ നടത്തിയ 18 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. വാഹന ഉടമകളിൽ നിന്ന് ഒരുലക്ഷത്തോളം രൂപ പിഴ ഈടാക്കി.
അതിർത്തിയിലെ കോട്ടവാസൽ, വെഹിക്കിൾ ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തമിഴ്നാട്, കേരള ടാക്‌സി അസോസിയേഷനുകൾ സംയുക്തമായി നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
തെങ്കാശി, ചെങ്കോട്ട, ആലംകുളം, പുനലൂർ, കൊട്ടാരക്കര, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലുള്ള വാഹനങ്ങളാണ് പിടികൂടിയത്. ഇന്നും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒ. ഡി. മഹേഷിന്റെ നിർദ്ദേശം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനുജോർജ്ജ്, അസി. ഇൻസ്പെക്ടർമാരായ ബി. ശ്രീജിത്ത്, ഷാജി ജോസഫ്, നജ്മൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.