കൊല്ലം: പൊലീസിന്റെ ഭാഗത്തുനിന്നുള്ള നന്മകൾ സാമൂഹ്യചർച്ചകൾക്ക് വിഷയമാകുന്നില്ലെന്നും വിരളമായി കാണുന്ന ഒറ്റപ്പെട്ട തിന്മകൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതായും സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അഭിപ്രായപ്പെട്ടു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി 31-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മിഷണർ. ജില്ലാ പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എച്ച്.മുഹമ്മദ്ഖാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി.കെ.പൃഥ്വിരാജ്, ക്രൈംബ്രാഞ്ച് എസ്.പി.എൻ അബ്ദുൽ റഷീദ്, കരുനാഗപ്പള്ളി എ.സി.പി എസ്.വിദ്യാധരൻ സംസ്ഥാന ട്രഷറർ കെ.എസ്.ഔസേഫ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.സുനി, കെ.ഉദയൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി സി.ആർ.ബിജു സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എം.സി.പ്രശാന്തൻ അവതരിപ്പിച്ചു. അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി.എ.മുഹമ്മദ് ആരിഫ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. എസ്.ഷിഹാബുദ്ദീൻ, കൊല്ലം എ.സി.പി എ.പ്രദീപ്കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.വിശ്വേരൻപിള്ള, ജനറൽ കൺവീനർ വൈ.സോമരാജ്, കെ.ഉണ്ണികൃഷ്ണപിള്ള, ജിജു.സി.നായർ, ബിജു.വി.പി, എ.തമ്പാൻ, എസ്.സുദർശന ബാബു, എ.നിസാമുദ്ദീൻ, പി.ലിജു എന്നിവർ സംസാരിച്ചു.