chathannoor
ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് വാർഡിൽ ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനം

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ്, ഹരിതകേരളാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സീറോ വേസ്റ്റ് - ശുചിത്വ ഗ്രാമം പദ്ധതിക്ക് കാരംകോട് വാർഡിൽ തുടക്കമായി. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിച്ചും പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള മിഷനെ ഏല്പിച്ചും പ്രദേശത്തെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഹരിതകേരളാ മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും ജൈവകൃഷി നടത്തുന്നതിനും ആലോചനയുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് നിർവഹിച്ചു. വാർഡ് മെമ്പർ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരികുമാർ, ഹരിത മിഷൻ ഡയറക്ടർ ഐസക്, കോ ഓർഡിനേറ്റർ ശ്രീകല, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ഷോം തുടങ്ങിയവർ സംസാരിച്ചു. ടി.എസ്. ഹരിശങ്കർ സ്വാഗതവും കെ.ബി. അജയഘോഷ് നന്ദിയും പറഞ്ഞു.

നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ആശിർവാദ് ക്ലബ് അംഗങ്ങളും ചേർന്ന് വാർഡിൽ ശുചീകരണ പ്രവർത്തനം നടത്തി. ഷാഫി, കിരൺ, ചന്ദ്രമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.