കൊല്ലം: ജില്ല മാലിന്യമുക്തമാക്കാൻ ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു ജനകീയപങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പയിന് തുടക്കമായി.
ഹരിതനഗരം പദ്ധതി യാഥാർത്ഥ്യമായ പശ്ചാത്തലത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
നഗരത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേക പദ്ധതി ഓഗസ്റ്റ് ഒന്നിന് പ്രാവർത്തികമാകുമെന്ന് മുഖ്യപ്രഭാഷകനായ മേയർ അഡ്വ. വി രാജേന്ദ്രബാബു പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷയായ പ്രസിഡന്റ് സി. രാധാമണി ഉറവിട മാലിന്യ സംസ്കരണത്തിന് പ്രത്യേകം പ്രാധാന്യം നൽകണമെന്ന് ഓർമിപ്പിച്ചു.
ക്യാമ്പയിൻ ആവിഷ്കരിച്ച ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ മാലിന്യം വലിച്ചെറിയുന്ന രീതിയിൽ നിന്ന് സമൂഹം പിന്തിരിയണമെന്ന് അഭ്യർഥിച്ചു.
ആർ> രാമചന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ അധ്യക്ഷ ഷൈല സലിംലാൽ, പുനലൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി. നാഥ്, എം നൗഷാദ് എം എൽ എയുടെ പ്രതിനിധി കെ പി നന്ദകുമാർ, മറ്റു ജനപ്രതിനിധികൾ, ശുചിത്വമിഷൻ കോഓർഡിനേറ്റർ ജി സുധാകരൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ യു. ആർ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
കാമ്പയിൻ വിലയിരുത്താൻ സമിതി
1.ക്യാമ്പയിന്റെ ഭാഗമായ പ്രവർത്തനങ്ങൾ പ്രത്യേക സമിതിയാണ് വിലയിരുത്തുക.
2. ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ, എം എൽ എ മാർ, ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, മറ്റു ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർസമിതിയിൽ.
പദ്ധതി ഇങ്ങനെ
1.മാലിന്യസംസ്കരണത്തോടൊപ്പം ശുചിത്വപാലനത്തിനായി ജനങ്ങളെ ബോധവത്കരിക്കും.
2.സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും.
3.തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ, ഷ്രെഡിംഗ് യൂണിറ്റുകൾ, ഉറവിട സംസ്കരണ സംവിധാനം എന്നിവയുടെ പ്രവർത്തനം വിലയിരുത്തി തുടർ പ്രവർത്തനം
4. കുട്ടികളിൽ തുടങ്ങുന്ന ബോധവത്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം പരമാവധിപേരിലേക്കെത്തിക്കും