oda
നിർമ്മാണം പാതിവഴിയിൽ നിലച്ച ശക്തികുളങ്ങര കായിക്കര കടവ് ഓടയിൽ മലിനജലം കെട്ടിനിൽക്കുന്നു

കൊല്ലം: മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനായി ആരംഭിച്ച ഓടയുടെ പുനർനിർമ്മാണം ഇഴയുന്നത് ശക്തികുളങ്ങര കായിക്കര കടവുകാരെ ദുരിതത്തിലാക്കുന്നു. നേരത്തേ വിരലിലെണ്ണാവുന്ന സ്ഥലത്ത് മാത്രമാണ് മലിനജലം കെട്ടിനിന്നിരുന്നത്. എന്നാലിപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഓട പലയിടങ്ങളിലും അടച്ചിരിക്കുന്നതിനാൽ ഒട്ടുമിക്ക സ്ഥലത്തും മലിനജലം കെട്ടി നിന്ന് അസഹ്യമായ ദുർഗന്ധത്തോടൊപ്പം കൊതുക് അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ഈ മേഖലയിൽ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.

6 മാസം മുൻപാണ് ശക്തികുളങ്ങര സുപ്രഭാതം ഹോട്ടൽ മുതൽ കായിക്കര കടവ് വരെയുള്ള 400 മീറ്റർ നീളവും 45 വർഷത്തിലേറെ പഴക്കവുമുള്ള ഓടയുടെ പുനനിർമ്മാണം ആരംഭിച്ചത്

അശാസ്ത്രീയ ഒാട നിർമ്മാണം: മതിലുകൾ ഇടിയുന്നു
അശാസ്ത്രീയമായ ഒാട നിർമ്മാണം കാരണം മൂന്ന് മതിലുകൾ ഇതിനോടകം ഇടിഞ്ഞു കഴിഞ്ഞു. പല മതിലുകളും ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. 45 വർഷത്തിലേറെ പഴക്കമുള്ള ഇവിടുത്തെ പഴയ ഓടയുടെ പാർശ്വഭിത്തി തകർന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. കഷ്ടിച്ച് ഒരു മീറ്റർ നീളമുണ്ടായിരുന്ന ഓട ഒരു മീറ്ററായി വികസിപ്പിക്കുന്നുവെന്ന് കേട്ടപ്പോൾ പ്രദേശവാസികൾ സന്തോഷിച്ചു. എന്നാൽ ഓടയുടെ പുനർനിർമ്മാണം ഇഴയുന്നത് നാട്ടുകാർക്കെല്ലാം ഒരുപോലെ ദുരിതമായിരിക്കുകയാണ്.

നിർമ്മാണം നിലച്ചിട്ട് 1 മാസം

കഴിഞ്ഞ ഒരു മാസമായി ഒാടയുടെ പുനർ നിർമ്മാണം നടക്കുന്നില്ല. നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും പണി പൂർത്തിയായിടത്ത് പോലും മേൽമൂടി സ്ഥാപിക്കാൻ കരാറുകാരൻ തയ്യാറാകുന്നില്ല. ഓട കടക്കാൻ കഴിയാത്തതിനാൽ പലരും വാഹനങ്ങൾ മറ്റ് വീടുകളിലാണ് പാർക്ക് ചെയ്യുന്നത്.

5 മാസത്തിനിടെ നടന്നത്

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒാടയുടെ പാർശ്വഭിത്തിയുടെ കോൺക്രീറ്റ് ജോലികൾ മാത്രമാണ് നടന്നത്. പലയിടങ്ങളിലും ഒരു വശത്ത് പാർശ്വഭിത്തി നിർമ്മാണം ഒഴിവാക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപ് പ്രദേശവാസിയായ വിദ്യാർത്ഥിക്ക് ഓടയിൽ കാൽവഴുതി വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഓടയിൽ മലിനജലം കെട്ടിനിൽക്കുന്നതിനാൽ ഈ മേഖല പകർച്ചവ്യാധിയുടെ ഭീഷണിയിലാണ്. ഒരു മാസമായി നിർമ്മാണ പ്രവർത്തനം നടക്കുന്നില്ല. കരാറുകാരനും ജനപ്രതിനിധികളും തിരിഞ്ഞുനോക്കുന്നുമില്ല.

കെ. രാമചന്ദ്രൻ

എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര 611-ാം നമ്പർ ശാഖാ സെക്രട്ടറി

ഓടയുടെ നിർമ്മാണം ഇപ്പോഴും നടക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചില വീട്ടുകാർക്ക് മതിൽ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആ ഭാഗങ്ങളിലാണ് നിർമ്മാണം മുടങ്ങിയിട്ടുള്ളത്.

ജനറ്റ് ഹണി (നഗരസഭാ കൗൺസിലർ)