കൊല്ലം: പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ എസ്.എൻ കോളേജിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കി. തടയാൻ ശ്രമിച്ച അദ്ധ്യാപികമാർക്ക് നേരെ മുണ്ട് മടക്കി കുത്തി അസഭ്യവർഷവും നടത്തി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകർക്ക് നേരെ അസഭ്യവർഷം, ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കൽ തുടങ്ങിയ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ ഒരാഴ്ച മുൻപ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളക്കം ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ അനുവാദമില്ലാതെ പ്രകടനം നടത്തുകയായിരുന്നു. തുടങ്ങിയപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് എല്ലാ ക്ലാസ് മുറികളിലും കയറി വിദ്യാർത്ഥിനികളെയടക്കം ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പുറത്തിറക്കി. തടയാൻ ശ്രമിച്ച വനിതാ അദ്ധ്യാപകർക്ക് നേരെ വളരെ മോശം പദപ്രയോഗങ്ങൾ നടത്തി.
കോളേജിന്റെ മൂന്ന് നിലകളിലും എസ്.എഫ്.ഐയുടെ കൊടിപിടിച്ച് പ്രകടനം നടത്തിയ ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നേതാക്കൾ ഇടിച്ചുകയറി ഭീഷണിമുഴക്കി. പിന്നീട് പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ ഒരു മണിക്കൂറോളം കുത്തിയിരുന്നു. അക്രമസംഭങ്ങളെ തുടർന്ന് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും പ്രകടനം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. എസ്.എൻ കോളേജിൽ സംഘടനാ പ്രവർത്തനം കോടതി നിരോധിച്ചിട്ടുള്ളതാണ്. ഇക്കാര്യം കോളേജിന്റെ ഹാൻഡ്ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് വിരുദ്ധമായുള്ള പ്രവർത്തനമാണ് ഒരുവിഭാഗം വിദ്യാർത്ഥികൾ നടത്തുന്നത്. ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർ പറഞ്ഞു.
സഹായം അഭ്യർത്ഥിച്ചിട്ടും പൊലീസ് എത്തിയില്ല
പുറത്ത് നിന്നുള്ളവരടക്കം കോളേജിൽ കയറി അതിക്രമം കാട്ടിയതിനെ തുടർന്ന് പൊലീസിന്റെ സഹായം തേടിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.
എന്നാൽ, ഇന്നലെ കോളേജിന് പുറത്ത് ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമുണ്ടായിരുന്നുവെന്ന് എ.സി.പി പറഞ്ഞു. പൊലീസിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കോളേജിനുള്ളിൽ കയറി നടപടി സ്വീകരിക്കുന്നതിൽ പൊലീസിന് പരിമിതി ഉണ്ടെന്നും എ.സി.പി പറഞ്ഞു.
മദ്യകുപ്പികൾ കണ്ടെടുത്തു
കോളേജ് വളപ്പിൽ അദ്ധ്യാപകർ നടത്തിയ പരിശോധനയിൽ ഒഴിഞ്ഞ മദ്യകുപ്പികളുടെ ശേഖരം കണ്ടെടുത്തു. കോളേജ് ഓഡിറ്റോറിയത്തിന്റെ പുറകിൽ നിന്നാണ് കൂടുതൽ കണ്ടെടുത്തത്. രാത്രികാലങ്ങളിൽ കോളേജിനുള്ളിൽ കടന്നു കയറുന്ന വിദ്യാർത്ഥികൾ ഉപയോഗിച്ചതാണെന്ന് അദ്ധ്യാപകർ പറഞ്ഞു.