road
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ വാളക്കോടിനും, കലയനാടിനും മദ്ധ്യേ റോഡ് വെട്ടിക്കുഴിക്കുന്ന വാട്ടർ അതോറിറ്റിയിലെ ജോലിക്കാർ

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഒരു ഭാഗത്തെ കുഴിയടച്ചു വരുന്നതിനിടെ മറുഭാഗം വെട്ടിപ്പൊളിക്കുന്നതിൽ നാട്ടുകാരും വാഹന യാത്രക്കാരും പ്രതിഷേധവുമായി രംഗത്ത്. ദേശീയപാതയിലെ പുനലൂർ മുതൽ കലയനാട് വരെയുള്ള ഭാഗങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണിയുടെ പേരിൽ റോഡിന്റെ മദ്ധ്യഭാഗം വെട്ടിപ്പൊളിക്കുന്നത്. രണ്ട് മാസം മുമ്പ് പാത വെട്ടിപ്പൊളിച്ചത് മൂലം വൻ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതോടെ കുഴിയിൽ വീണ് ബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. താലൂക്ക് വികസന സമിതി യോഗത്തിൽ ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത് റോഡിലെ പഴയ കുഴികൾ അടച്ച് തുടങ്ങിയെങ്കിലും മറുഭാഗത്ത് വീണ്ടും ദേശീയ പാത വെട്ടിപ്പൊളിക്കുകയാണ്.

പുനലൂർ - കൊല്ലം - തിരുമംഗലം ദേശീയ പാത നിരന്തരം വെട്ടിപ്പൊളിച്ച് കുണ്ടും കുഴിയുമാക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണ്. കേരള - തമിഴ്നാട് അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമേ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിൽ വെട്ടിപ്പൊളിക്കുന്നത്. എന്നാൽ വെട്ടിപ്പൊളിക്കുന്ന പാത റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാറില്ല.

(വി. വിഷ്ണുദേവ്, ജനറൽ സെക്രട്ടറി, കേരളാ ഫോക്കസ്)

ഇരുചക്ര വാഹനയാത്രികർ ജാഗ്രതൈ!

ദേശീയ പാതയിലെ വാളക്കോടിന് പടിഞ്ഞാറ് ഭാഗം, വാളക്കോട് മുസ്ലിം പള്ളിക്ക് സമീപത്തെ കൊടും വളവ്, കലയനാട് തുടങ്ങിയ ഭാഗങ്ങളിലെ റോഡാണ് പൈപ്പുമാറ്റി സ്ഥാപിക്കുന്നതിന്റെ പേരിൽ രണ്ട് മാസം മുമ്പ് വെട്ടിപ്പൊളിച്ചത്. മഴ ആരംഭിച്ചതോടെ കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയത്ത് കുഴിയുണ്ടെന്ന് അറിയാതെയെത്തുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്. ഇത് കണക്കിലെടുത്ത് രണ്ട് ദിവസം മുമ്പ് കുഴികൾ ഭാഗികമായി അടച്ച് തുടങ്ങി. എന്നാൽ അതിനൊപ്പം സമീപത്തെ റോഡ് വീണ്ടും വെട്ടിപ്പൊളിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാരും വാഹന യാത്രികരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

വെട്ടിപ്പൊളിക്കുന്നത് അന്തർ സംസ്ഥാന പാത

ചരക്ക് ലോറികൾ അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയാണ് വെട്ടിപ്പൊളിക്കുന്നത്. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു അടക്കമുള്ള ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും സ്ഥിരമായി കടന്ന് പോകുന്ന ദേശീയ പാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.