കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരത്തിലെ 44 ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി. മുണ്ടയ്ക്കൽ കനകക്കുന്നിൽ അലക്കുകുഴി കോളനിക്കാരെ പുനരധിവസിപ്പിക്കാനായി പുതിയ വീടുകളുടെ നിർമ്മാണം നടക്കുന്നിടത്താണ് പുതിയ ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.
നഗരത്തിൽ 10190 ഭൂരഹിതരുണ്ടെന്നാണ് ലൈഫ് മിഷന്റെ ഭാഗമായി കുടുംബശ്രീ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവർക്കെല്ലാം പ്രത്യേകം ഭൂമി കണ്ടെത്തി വീട് നിർമ്മിക്കാൻ കഴിയാത്തതിനാലാണ് ഒന്നിലധികം കുടുംബങ്ങളെ പാർപ്പിക്കാൻ ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്. മുണ്ടയ്ക്കലിൽ 44 കുടുംബങ്ങളെ പാർപ്പിക്കുന്നതിനുള്ള ഫ്ലാറ്റ് സമുച്ചയങ്ങളുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 6.16 കോടി രൂപയാണ് പദ്ധതി തുക. ഇതിൽ 3.69 കോടി രൂപ ഈ വർഷം സംസ്ഥാന സർക്കാർ നൽകും.
പദ്ധതി തുക: 6.16 കോടി
ഈ വർഷം സംസ്ഥാന സർക്കാർ നൽകുന്നത് 3.69 കോടി
നഗരത്തിലെ ആകെ ഭവന രഹിതർ: 10190
ഫ്ളാറ്റുകളുടെ രൂപരേഖ
ഫ്ളാറ്റുകളുടെ രൂപരേഖ തയ്യാറായി വരുന്നതേയുള്ളു. നാല് നിലകളുള്ള യൂണിറ്റുകൾ വീതമാകും നിർമ്മിക്കുക. മണ്ണ് പരിശോധന നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു. ഒാരോ കുടുംബത്തിനും കിടപ്പ് മുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവ സഹിതം 600 ചതുരശ്രയടിക്ക് മുകളിൽ സൗകര്യം ലഭിക്കും. ഫ്ളാറ്റുകളോട് ചേർന്ന് ഉദ്യാനം, കളിസ്ഥലം, കലാപരിപാടികൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.
അദ്യഘട്ട ഫ്ലാറ്റ് സമുച്ചയത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്താനും വിലയ്ക്ക് വാങ്ങാനുമുള്ള ശ്രമം നടന്നുവരുകയാണ്.''
വി. രാജേന്ദ്രബാബു (മേയർ)