കൊല്ലം: ബൈപ്പാസിലെ അനധികൃത കൈയേറ്റങ്ങളും ഇറക്കുകളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കാവനാട് മുതൽ മേവറം വരെ ഉണ്ടായിരുന്ന 49 കൈയേറ്റങ്ങളാണ് നീക്കിയത്.
55 കൈയേറ്റക്കാർക്ക് ദേശീയപാത അതോറിറ്റി ബൈപ്പാസ് വിഭാഗം നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇവർ സ്വയം മാറ്റാത്തതിനാലാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി നീക്കം ചെയ്തത്. ഇവയിൽ അനധികൃത തട്ടുകടകളും തൊടിവാർപ്പ് യൂണിറ്റുകളും കച്ചവട സ്ഥാപനങ്ങളുടെ ഇറക്കുകളും ഉൾപ്പെടുന്നു. നോട്ടീസ് കൈപ്പറ്റാത്ത അഞ്ച് അനധികൃത കൈയേറ്റക്കാരെ തൽക്കാലം നടപടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥ സംഘമെത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഈ കൈയേറ്റങ്ങൾക്കെതിരെ വൈകാതെ നടപടിയെടുക്കും.
എൻ.എച്ച് ബൈപ്പാസ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ ജോൺ കെന്നത്ത്, അസി. എൻജിനിയർ എ. ജയ്നി, നഗരസഭാ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ
കൗൺസിലറുടെ കൈയേറ്റം പൊളിക്കൂ,
അതു കഴിഞ്ഞ് ഞങ്ങളെ തൊടാം...
നഗരസഭയുടെ ഓപ്പറേഷൻ ഈസി വാക്കിൽ ബന്ധപ്പെട്ടവർ തൊടാൻ മടിച്ച ഭരണകക്ഷി കൗൺസിലറുടെ ബൈപ്പാസിലെ കൈയേറ്റം പൊതുമരാമത്ത് സംഘം ഒഴിപ്പിച്ചു. കൗൺസിലറുടെ ഉടമസ്ഥതയിൽ അയത്തിൽ ജംഗ്ഷന് സമീപത്തുള്ള രണ്ട് ഗ്ലാസ് കടകളുടെ അനധികൃത ഇറക്കുകളാണ് നീക്കം ചെയ്തത്. കൗൺസിലർക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്വയം നീക്കം ചെയ്യാൻ തയ്യാറായില്ല. കൗൺസിലറുടെ കൈയേറ്റം ഒഴിപ്പിച്ചാലേ തങ്ങളുടേത് നീക്കുള്ളു എന്ന നിലപാടിലായിരുന്നു മറ്റുള്ളവർ. ഇതേ കൗൺസിലർ നഗരസഭാ കൗൺസിൽ യോഗത്തിൽ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്ന ഓപ്പറേഷൻ ഈസി വാക്കിന് ശക്തമായ പിന്തുണ നൽകിയിരുന്നതാണ്.
24 മണിക്കൂറും സിഗ്നൽ
ബൈപ്പാസിൽ 24 മണിക്കൂറും ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തി. നേരത്തെ രാവിലെ 6 മുതൽ രാത്രി വരെയാണ് സിഗ്നൽ ഉണ്ടായിരുന്നത്. ഇതിന് ശേഷം സിഗ്നലുകൾ ബ്ലിങ്കിംഗ് മോഡിലായിരുന്നു. ബ്ലിങ്കിംഗ് സിഗ് നൽ കാണുമ്പോൾ വേഗം കുറയ്ക്കണമെന്ന നിയമം പാലിക്കാത്തതാണ് ബൈപ്പാസിൽ രാത്രികാലങ്ങളിൽ പ്രധാന ജംഗ്ഷനുകളിൽ നടന്ന അപകടങ്ങളുടെ കാരണം.
നോട്ടീസ് കിട്ടിയ കൈയേറ്റക്കാർ: 55
ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത് : 49
നോട്ടീസ് കൈപ്പറ്റാത്തവർ: 5