കൊല്ലം: കേരളത്തിലെ കോൺഗ്രസിന്റെ ആധികാരിക ചരിത്രം രചിക്കേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ജി.രവി എഴുതിയ ചരിത്രസ്‌മരണകൾ എന്ന പുസ്‌തകം കൊല്ലം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്തി പലരും പി.എച്ച്.ഡി നേടിയിട്ടുണ്ട്. പ്രണബ് മുഖർജി, നരസിംഹറാവു, ഡോ.ബി.എൻ.പാണ്ഡ എന്നിവർ ചേർന്ന് എ.ഐ.സി.സിയുടെ സമഗ്ര ചരിത്രം എഴുതിയിട്ടുണ്ട്. ഏഴ് വോളിയമായാണ് സമഗ്ര ചരിത്രം പ്രസിദ്ധീകരിച്ചത്. കെ.പി.സി.സിയുടെ ചരിത്രത്തെകുറിച്ചും സമാനമായ പുസ്‌തകം പ്രസിദ്ധീകരിക്കണം. അതിനായി അനുയോജ്യരായവരെ ചുമതലപ്പെടുത്തുകയും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയും വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ പുസ്‌തകം ഏറ്റുവാങ്ങി. കെ.പി.സി.സി സെക്രട്ടറി എ.ഷാനവാസ്ഖാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്, ഡി.സി.സി മുൻ പ്രസിഡന്റ് ജി.പ്രതാപവർമ്മ തമ്പാൻ, മോഹൻ ശങ്കർ, കേരള ശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ.പവിത്രൻ, ദിലീപ് കളരിക്കാമണ്ണേൽ തുടങ്ങിയവർ പ്രസംഗിച്ചു.