police
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ കേരള പൊലീസും കെ.എസ്.ഇ.ബിയും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ നിന്ന്

കൊല്ലം: കേരള പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും താരങ്ങൾ മിന്നും പ്രകടനവുമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം നിറഞ്ഞപ്പോൾ ഇന്ത്യൻ ഫുട്ബോളിനെ മുന്നേറ്റത്തിന്റെ ബൂട്ടണിയിച്ച കെ.ടി.ചാക്കോയും കുരികേശ് മാത്യുവും ഗാലറിയിൽ ആവേശത്തിന്റെ ആരവങ്ങളായി. അവസാന നിമിഷം വരെയും ആവേശം നിറച്ച മത്സരത്തിനൊടുവിൽ ടൈ ബ്രേക്കറിൽ 4-3ന് കെ.എസ്.ഇ.ബിയെ കേരള പൊലീസ് പരാജയപ്പെടുത്തി.

കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നടന്ന സൗഹൃദ ഫുട്ബോൾ മത്സരം കാണാൻ ആവേശത്തോടെ നൂറ് കണക്കിന് ഫുട്ബോൾ പ്രേമികളാണെത്തിയത്.

ഇരു ടീമുകൾക്കുമായി ദേശീയ - സംസ്ഥാന ഫുട്ബോൾ താരങ്ങളാണ് ബൂട്ടണിഞ്ഞത്. ഗോൾ വഴങ്ങാതെ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തപ്പോൾ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. തുടർന്നായിരുന്നു കേരള പൊലീസിന്റെ വിജയം.

വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ കെ.എസ്.ഇ.ബി കുരികേശ് മാത്യുവിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. വിജയികൾക്കുള്ള മെഡൽ കെ.ടി.ചാക്കോയും റണ്ണേഴ്സ് അപ്പിനുള്ള മെഡൽ കൊല്ലം എ.സി.പി എ.പ്രദീപ്കുമാറും സമ്മാനിച്ചു.

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.ഷൈജു, സംഘാടക സമിതി ജനറൽ കൺവീനർ ജിജു.സി.നായർ, ചെയർമാൻ എസ്.അജിത് കുമാർ, സംഘാടക സമിതി ഭാരവാഹികളായ ജെ.എസ്.നെരൂദ,എസ്.നജീം, ബി.എസ്.സനോജ്, ഷിനോദാസ്, എസ്.സലിൽ, എസ്.ഷഹീർ, എ.ഹാഷിം, ചിന്തു, സി.വിനോദ് കുമാർ, ബി.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

21 മുതൽ 23 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ് സമ്മേളനം.