temple

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ 95 ലക്ഷം രൂപ ചെലവിൽ മലിനജല ശുദ്ധീകരണശാല നിർമ്മിക്കാൻ ഹൈക്കോടതി അനുമതി നൽകി. കട്ടക്ക് ആസ്ഥാനമായ സൂര്യ എന്റർപ്രൈസസ് എന്ന കമ്പനിക്കാണ് നിർമ്മാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. ക്ഷേത്രത്തിലെ മലിനജലപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായാണ് പ്ളാന്റ് സ്ഥാപിക്കുന്നത്. നിലവിൽ ജലം സമീപത്തുള്ള തോട്ടിലേക്കാണ് നിലവിൽ ഒഴുക്കിവിട്ടു കൊണ്ടിരിക്കുന്നത്. ഇവിടെ ഒഴുക്കില്ലാത്തതിനാൽ മലിനജലം കെട്ടിക്കിടന്ന് പരിസര പ്രദേശങ്ങളിൽ അസഹ്യമായ ദുർഗന്ധം വമിക്കുകയാണ്. ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കിഴക്കേക്കര മംഗല്യയിൽ എസ്. രാജശേഖരൻനായർ ദേവസ്വം ബോർഡ് ഓംബുഡ്സ്മാന് നിവേദനം നൽകിയിരുന്നു. പ്രശ്ന പരിഹാരത്തിനായി സ്വീവേജ് ട്രീറ്റ്മെൻറ് പ്ളാന്റ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി

 മലിനജല ശുദ്ധീകരണശാല നിർമ്മിക്കുന്നത് 95 ലക്ഷം രൂപ മുടക്കി

10000ൽ അധികം ലിറ്റർ ജലം

ക്ഷേത്രത്തിൽ പ്രതിദിനം നാളികേരം ഉടയ്ക്കുന്നതുമായി ബന്ധപ്പെട്ടും ഉണ്ണിയപ്പ വഴിപാടിനുള്ള അരി കഴുകുന്നതിനും പതിനായിരത്തിലധികം ലിറ്റ‌ർ ജലമാണ് ഉപയോഗിക്കുന്നത്. ഉദയാസ്തമന പൂജാ ദിവസങ്ങളിലും ഉത്സവ കാലത്തും മറ്റു വിശേഷാൽ അവസരങ്ങളിലും ജലത്തിന്റെ ഉപയോഗം ഇതിന്റെ ഇരട്ടിയിലധികമാകും

 20000 ലിറ്റർ മലിന ജലം ശുദ്ധീകരിക്കാം

ക്ഷേത്രത്തിൽ സ്ഥാപിക്കാൻ പോകുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിൽ പ്രതിദിനം പതിനായിരം മുതൽ ഇരുപതിനായിരം ലിറ്റർ മലിനജലം വരെ ശുദ്ധീകരിക്കാനാകും. ദേവസ്വം ബോർഡിനു വേണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജിയാണ് മലിനജല ശുദ്ധീകരണശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ മുഴുവൻ മലിന ജലവും ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ളാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്.