പത്തനാപുരം: നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. പത്തനാപുരത്ത് വനം വകുപ്പിന്റെ ഡിപ്പോയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന ബസിന്റെ മുൻവശത്തെ ചില്ലുകളാണ് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ തകർത്തത്. പുന്നല കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് സംഭവത്തെ തുടർന്ന് സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഇന്നലെ സർവീസ് നടത്തിയില്ല.കെ.എസ്.ആർ.ടി.സി അധികൃതർ പത്തനാപുരം പൊലീസിൽ പരാതി നൽകി. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽ പ്രതികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്ഥലപരിമിതി കാരണം റോഡരുകിൽ നിറുത്തിയിട്ടിരുന്ന സ്റ്റേ ബസുകൾ മുൻപും സാമൂഹ്യവിരുദ്ധർ തകർത്തിട്ടുണ്ട്. ഡീസൽ മോഷണവും മുമ്പ് പതിവായിരുന്നു.