ചാത്തന്നൂർ: കുമ്മല്ലൂർ തോണിക്കടവ് - കുമ്മല്ലൂർ ജംഗ്ഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി പരാതി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് പ്രദേശവാസികളുടെ നടുവൊടിക്കുന്നത്.
ദേശീയപാതയിൽ നിന്ന് മീയണ്ണൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര, ആയൂർ ഭാഗങ്ങളിലേക്കും പോകുന്ന പ്രധാന റോഡിനാണ് ഈ അവസ്ഥ. മൂന്ന് വർഷം മുമ്പ് റോഡ് ടാർ ചെയ്തിരുന്നു. അതിനുശേഷം 3 മാസത്തിനുള്ളിൽ തന്നെ റോഡ് തകർന്ന് തുടങ്ങി. എന്നാൽ കരാറുകാരനെ കൊണ്ട് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ട്.
ഭാരം കൂടിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള റോഡിലൂടെ ടിപ്പറുകളുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ യഥേഷ്ടം പോകുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ വശത്തുള്ള ചിറ കരിങ്കൽ ഭിത്തി കെട്ടി ബലപ്പിക്കണമെന്നും റീടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യം ആക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഭാരം കയറ്റിയ ലോറികൾ ഇതുവഴി പോകുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
സുലോചന
വാർഡ് മെമ്പർ