കൊല്ലം : മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും
സംയുക്തമായി ഇന്നലെ നഗരസഭാ പരിധിയിലെ വിവിധ മാർക്കറ്റുകളിൽ നടത്തിയ
പരിശോധനയിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ അടങ്ങിയ ഏകദേശം 50 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മാർക്കറ്റുകളിൽ പഴകിയതും ചീഞ്ഞതുമായ മത്സ്യം വ്യാപകമായി വിൽപ്പന നടത്തുന്നതായുള്ള ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒപ്പറേഷൻ സാഗരറാണി 2 എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ എസ്.എസ്. അഞ്ജു, എസ്.ആർ. റസീമ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. സുരേഷ് ബാബു , ജലീൽ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ് ബാലകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.