ശാസ്താംകോട്ട: ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണവും നമ്മുടെ മുഖ്യ അജണ്ടയായി മാറണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന സർക്കാരും ഹരിത കേരളാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ശാസ്താംകോട്ടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നം കാലാവസ്ഥാ വ്യതിയാനമാണ്. അതിനെ മറികടക്കണമെങ്കിൽ ജലസ്രോതസുകൾ, കാവുകൾ, കുളങ്ങൾ, വൃക്ഷങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് സ്വാഗതവും സെക്രട്ടറി രാജൻ ആചാരി നന്ദിയും പറഞ്ഞു.