കൊച്ചി : കൊല്ലം ജില്ലയിലെ മലയാളം മീഡിയം എൽ.പി സ്കൂൾ അദ്ധ്യാപകരുടെ തസ്തികയിലെ പ്രൊട്ടക്ടഡ് അദ്ധ്യാപകരെ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലേക്ക് വിന്യസിക്കാനും തുടർന്ന് ഒഴിവുകളുണ്ടെങ്കിൽ പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പത്തു ദിവസത്തിനുള്ളിൽ നിയമന നടപടികൾ സ്വീകരിക്കാം.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിനുശേഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതെന്നതിനാൽ ഇതിൽ നിന്ന് നിയമനം നടത്താനാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമനം വൈകുന്നതിനെതിരെ കൊല്ലം കാവനാട് സ്വദേശിനി റിജ ജെറോം ഉൾപ്പെടെ 21 പേർ നൽകിയ ഹർജിയിലാണ് നിയമനം നടത്താൻ കെ.എ.ടി നിർദ്ദേശിച്ചത്. സർക്കാർ നൽകിയ ഹർജി ജൂലായ് 24 നു വീണ്ടും പരിഗണിക്കും.