പടിഞ്ഞാറേകല്ലട: ജനങ്ങളെ രോഗഭീതിയുടെ മുൾമുനയിൽ നിറുത്തി പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി. വാട്ടർ അതോറിറ്റിയുടെ ശാസ്താംകോട്ട ആദിക്കാടുള്ള പമ്പ് ഹൗസിൽ നിന്ന് ലഭിക്കുന്ന വെള്ളത്തെക്കുറിച്ചാണ് പരാതി ഉയരുന്നത്. 12 വാർഡുകളുള്ള പഞ്ചായത്തിലെ പത്തോളം വാർഡുകളിൽ ഈ പമ്പ് ഹൗസിൽ നിന്നാണ് ജലം ലഭിക്കുന്നത്. വീടുകളിൽ കിണറുകൾ കുറവായതിനാലും പൊതുകിണറുകൾ ഇല്ലാത്തതിനാലും ജനങ്ങൾക്ക് വേറെ ആശ്രയമില്ല.
എന്നാൽ പൈപ്പിലൂടെ ലഭിക്കുന്നത് ഓരുകലർന്ന വെള്ളമാണെന്നാണ് ഇവർ പറയുന്നത്. പലദിവസങ്ങളിലും ലഭിക്കുന്ന വെള്ളത്തിന് ഓറഞ്ച് നിറമാണ്. അസഹനീയമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ പോയിട്ട് കുളിക്കുവാനോ അലക്കുന്നതിനോ പോലും സാധിക്കില്ല. എന്നാൽ ഇതുതന്നെ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ
പലർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
മാലിന്യം കലർന്ന പൈപ്പുവെള്ളം കാരണംപലർക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കുളിക്കുന്നതിനായി ഈ വെള്ളം ഉപയോഗിച്ച് പലരുടെയും ദേഹം ചൊറിഞ്ഞ് പൊട്ടി. മറ്റ് രോഗങ്ങളും പകർന്ന് പിടിക്കുകയാണ്. വിഷയത്തിൽ പരാതി പറയാൻ നിരവധി തണയാണ് ജനങ്ങൾ ശാസ്താംകോട്ടയിലുള്ള ജല അതോറിറ്റിയുടെ ഓഫീസിലെത്തിയത്. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. ആരോഗ്യവകുപ്പ് അധികൃതരും വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം സമരം ഉൾപ്പെടെയുള്ളവയിലേക്ക് പോകാനാണ് ജനങ്ങളുടെ തീരുമാനം
സൂക്ഷിക്കാം ഈ മഹാമാരികളെ
വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ എന്നിവയാണ് പ്രധാന ജലജന്യ രോഗങ്ങൾ. വയറിളക്കം അല്ലങ്കിൽ ഡയറിയയാണ് പൊതുവായതും വേഗത്തിൽ പടരാൻ സാദ്ധ്യതയുള്ളതും. തുടർച്ചയായ വയറിളക്കം നിർജലീകരണത്തിനും ഇത് മരണത്തിലേക്കും വഴിതെളിക്കാം. എന്നാൽ ഹൈപ്പറ്റൈറ്റീസ് രോഗബാധ തിരിച്ചറിയാൻ ഒരു മാസത്തോളം എടുക്കും. ഇതും മരണത്തിലേക്ക് നയിക്കാൻ സാദ്ധ്യതയുള്ളതാണ്.
ജനങ്ങൾക്ക് ലഭിക്കുന്നത് മാലിന്യം കലർന്ന ജലമാണെന്ന് നിരവധി തവണ പരാതി ലഭിച്ചിരുന്നു. വിഷയത്തിൽ പഞ്ചായത്തും വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടിരുന്നു. നാളേറെയായിട്ടും നടപടി ഉണ്ടായിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടും.
ജെ. ശുഭ പഞ്ചായത്ത് പ്രസിഡന്റ്