poli
പുനലൂർ നെല്ലിപ്പള്ളിയിലെ ഗവ.പോളിടെക്നിക് കോളേജിന്റെ പഴയ കെട്ടിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ

പുനലൂർ: മതിയായ സംരക്ഷണമില്ലാത്തതിനാൽ പുനലൂർ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളേജിലെ പഴയ കെട്ടിടങ്ങൾ നാശത്തിന്റെ വക്കിൽ. ഏഴ് വർഷം മുമ്പ് കോളേജിന് പുതിയ കെട്ടിടം പണിതതോടെയാണ് കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ടത്.

പുനലൂർ-പത്തനാപുരം പാതയോരത്തെ കെ.ഐ.പി ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടങ്ങളിലായിരുന്നു പോളിടെക്നിക് കോളേജ് ആരംഭിച്ചത്.

പിന്നീട് ഭൂമി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത ശേഷം മൂന്നര കോടി രൂപ ചെലവഴിച്ച് ബഹുനില മന്ദിരം നിർമ്മിക്കുകയായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റി സ്ഥാപിച്ചതോടെ പഴയ കെട്ടിടങ്ങൾക്ക് നാഥനില്ലാത്ത അവസ്ഥയായി. കെ.ഐ.പിയുടെ ഓഫീസുകൾക്ക് വേണ്ടി 30 വർഷം മുമ്പ് പണിത 13 ഓളം കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നത്. കെട്ടിടങ്ങളുടെ ചുറ്റുമതിൽ അടക്കമുള്ളവ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിട്ടും നടപടികൾ നീണ്ടുപോകുകയാണ്. പ്രധാന കവാടത്തിലെ പഴയ മതിൽ പോലും പുനരുദ്ധരിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്.

നശിക്കുന്നത് ലക്ഷങ്ങൾ

പാർശ്വഭിത്തികൾ വിണ്ടുകീറിയതിനെ പുറമെ ആൽമരങ്ങൾ വളർന്ന് കയറി. കാട് വളർന്ന് ഉയർന്ന് കെട്ടിടങ്ങൾ പുറത്ത് നിന്നാൽ കാണാൻ കഴിയാത്ത അവസ്ഥയിലാണ്. അടച്ച് പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങളുടെ ജനൽ, കതക് അടക്കമുള്ളവയ്ക്ക് പുറമെ കോൺക്രീറ്റ് ചുവരുകൾ വരെ അടർന്നുവീഴാൻ തുടങ്ങിയിട്ട് നാല് വർഷം പിന്നിടുകയാണ്. പഴയ കെട്ടിടങ്ങളുടെ സമീപം കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു. ഇതോടെ വിദ്യാർത്ഥികളും ഭീതിയുടെ നടുവിലാണ്.

പല സ്ഥാപനങ്ങളും വാടകയ്ക്ക്

പുനലൂരിലെ ജോ. ആർ.ടി ഓഫീസ്, ഗവ. കോമേഴ്സ്യൽ ഇൻനിസ്റ്റിട്ട്യൂട്ട് അടക്കമുളള നിരവധി സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലക്ഷങ്ങൾ വില മതിക്കുന്ന കെട്ടിടങ്ങൾ നാശത്തിലേക്ക് നീങ്ങുന്നത്. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾ നവീകരിച്ച് വാടകയ്ക്ക് നൽകിയാൽ ലക്ഷങ്ങൾ വരുമാനമായി ലഭിക്കും. എന്നാൽ ബന്ധപ്പെട്ടവർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.