കൊല്ലം: ദുരിതത്തിലായ കുടുംബത്തിന് ആശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പും പത്തനാപുരം ഗാന്ധിഭവനും. കരിക്കോട് എ. കെ. ജി നഗർ കോളനിയിൽ പൊളിഞ്ഞു വീഴാറായ വാടക വീട്ടിൽ കഴിഞ്ഞിരുന്ന സിറാജുദീനും ഭാര്യ ലൈലാബീവിയും മക്കളായ മാഹിനും അൻവർഷായും ഗാന്ധിഭവന്റെ സ്‌നേഹത്തണലിലാണ് ഇപ്പോൾ.

രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലം കണ്ടെത്തി ഇവർക്ക് വീടുവച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
നഗരസഭാ വാർഡ് കൗൺസിലർ പ്രസന്നനാണ് കുടുംബത്തിന്റെ ദുരവസ്ഥ സാമൂഹികനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ സുധീർകുമാറിന്റെ നിർദ്ദേശ പ്രകാരം ഡോക്ടറുടെ പരിശോധനകൾക്ക് വിധേയമാക്കി.
ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഇവരെ സന്ദർശിച്ച ശേഷമാണ് സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നതിനായി ഗാന്ധിഭവൻ അധികൃതരുമായി ബന്ധപ്പെട്ടത്. ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജും സംഘവുമെത്തി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ സത്താറിന്റെ സാന്നിധ്യത്തിൽ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.