കൊട്ടാരക്കര : കൊട്ടാരക്കര ജോയിന്റ് ആർ. ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ വൈകിട്ട് അഞ്ചരയോട് കൂടിയാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്. ഏജന്റുമാർ മുഖേനയല്ലാതെ കൊട്ടാരക്കര ഓഫീസിൽ ഇടപാടുകൾ നടക്കുന്നില്ലായെന്ന പൊതുജനങ്ങളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥന്മാർക്ക് നൽകാനായി കൊണ്ടു വന്ന 13085 രൂപ ഒരു ഏജന്റിന്റെ പക്കൽ നിന്നു പിടിച്ചെടുത്തു. പി.ആർ.ഒ ശിവപ്രസാദിന്റെ പക്കൽ നിന്നു രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 8100 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. അഞ്ചരയ്‌ക്ക് ആരംഭിച്ച പരിശോധന എട്ടരയോടെയാണ് അവസാനിച്ചത് . വിജിലൻസ് ഡിവൈ.എസ്. പി അശോക് കുമാർ, ഇൻസ്‌പെക്ടർമാരായ വി. ആർ രവികുമാർ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.