kulam
മാലിന്യ നിക്ഷേപ കേന്ദ്രമായ തെരുവിലേത്ത് കുളം

ഓച്ചിറ: തഴവ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കറുത്തേരിൽ മുക്കിന് വടക്കു വശത്ത് സ്ഥിതിചെയ്യുന്ന തെരുവിലേത്ത് കുളം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. കക്കൂസ് മാലിന്യം തെരുവിലേത്ത് കുളത്തിൽ നിക്ഷേപിക്കുന്നതാണ് ഇവിടത്തെ പ്രധാ ന പ്രശ്നം. ആരും ശ്രദ്ധിക്കാതെ ചതുപ്പായി കിടക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് ഇതൊരു സുരക്ഷിത സ്ഥലമാണ്. കറുത്തേരിൽ മുക്ക് - മൂനാണ്ടയിൽ മുക്ക് റോഡിന്റെ വശത്തായാണ് കുളം സ്ഥിതി ചെയ്യുന്നത്. തഴവ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളം റവന്യൂ റിക്കാർഡ് പ്രകാരം 16 സെന്റുണ്ടായിരുന്നു. ഇപ്പോൾ ഏകദേശം മൂന്നിലൊന്നായി കുളത്തിന്റെ വിസ്തീർണം കുറഞ്ഞിരിക്കുന്നു.

വശങ്ങളിൽ കൽപ്പടവുകളോടുകൂടിയ കുളം മുൻകാലങ്ങളിൽ നാട്ടുകാർ കുളിക്കാൻ ഉപയോഗിച്ചിരുന്നു. കുളം ആരും ഉപയോഗിക്കാതായപ്പോൾ ഉണ്ടായ കൈയേറ്റമാണ് ഇന്നത്തെ ശോച്യാവസ്ഥയ്ക്ക് കാരണം. പണ്ട് ദീർഘ ദൂര വഴിയാത്രക്കാർ തലച്ചുവട് ഇറക്കി വെച്ച് വിശ്രമിച്ചിരുന്നത് കുളക്കരയിലായിരുന്നു. അടുത്തകാലം വരെയും ഇവിടെ ചുവടുതാങ്ങിയുണ്ടായിരുന്നു. റോഡിന് വീതി കൂട്ടിയപ്പോൾ അത് പിഴുത് മണ്ണിട്ട് മൂടിയതായി നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് കുളം വൃത്തിയാക്കി സംരക്ഷണഭിത്തി കെട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പഞ്ചായത്ത് വക കുളത്തിന്റെ നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുക്കണം. സംരക്ഷണഭിത്തി കെട്ടി കുളത്തിനെ സംരക്ഷിക്കണം.

പ്രദീപ്. പി, കുളത്തിന്റെ വടക്കതിൽ വീട്, തഴവ