കൊല്ലം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാതൃകയിൽ കൊല്ലം എസ്.എൻ കോളേജിനെയും മാറ്റുകയെന്ന എസ്.എഫ്.ഐയുടെ ഗൂഢലക്ഷ്യമാണ് കോളേജിൽ നിരന്തരം പ്രശ്നങ്ങളും അക്രമവും ഉണ്ടാക്കുന്നതിന് പിന്നിലെന്ന് സൂചന. വിദ്യാർത്ഥിനികളെ മുന്നിൽ നിറുത്തിയാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമാണ് ഇവിടത്തെ പ്രവർത്തനവും. പെൺകുട്ടികളുമായി സംസാരിക്കുന്ന വിദ്യാർത്ഥികളെ കപടസദാചാരക്കാർ ചമഞ്ഞ് മർദ്ദിക്കുന്നതും പതിവാണ്. മറ്റ് സംഘടനകൾക്കൊന്നും പ്രവർത്തന സ്വാതന്ത്ര്യം നൽകാത്ത എസ്.എഫ്.ഐ പ്രവർത്തകർ കൈത്തരിപ്പ് തീർക്കാൻ സ്വന്തം സംഘടനയിൽപ്പെട്ടവരെപ്പോലും മർദ്ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള വിരോധവും ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളുമാണ് സംഘർഷത്തിൽ കലാശിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്. യൂണിറ്റ് തലത്തിൽ എസ്.എഫ്.ഐ നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുന്നത് ക്രിമിനൽ വാസനയുള്ളവരാണെന്നും ഇവരാണ് കൈത്തരിപ്പ് തീർക്കാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നുമാണ് ആരോപണം. എസ്.എഫ്.ഐയുടെ പേരിൽ പെൺകുട്ടികളും ഒട്ടും പിന്നിലല്ലാത്ത പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഒരുകാലത്ത് ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന കലാലയത്തിൽ അക്രമം അതിരുകടന്നപ്പോഴാണ് പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകിത്തുടങ്ങിയത്. ഇന്ന് ആൺകുട്ടികളെക്കാൾ പെൺകുട്ടികളുള്ളപ്പോഴാണ് കോളേജിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്നത്. വെള്ളിയാഴ്ച കോളേജിലുണ്ടായ സംഘർഷത്തിന് നേതൃത്വം നൽകിയത് രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നുവത്രെ.
വിദ്യാർത്ഥികളെപ്പോലെ അദ്ധ്യാപകരിലും നല്ലൊരു ശതമാനം വനിതകളാണ്. എന്നാൽ ഇവരെ ഭീഷണിപ്പെടുത്താനും വരുതിയിലാക്കാനും പെൺകുട്ടികൾ തന്നെയാണ് മുന്നിലെന്നും അദ്ധ്യാപകർ പറയുന്നു. കോളേജിൽ സമഗ്രാധിപത്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐ ഇവിടെ എതിരാളിയെ തെരഞ്ഞുനടക്കുന്നതിനിടെയാണ് തമ്മിൽ തല്ലുന്ന കാഴ്ചയും. കോളേജിലെ എസ്.എഫ്.ഐ ശൈലിയോട് പൊരുത്തപ്പെടാനാകാത്തതിന്റെ പേരിൽ സംഘടനാ പ്രവർത്തനത്തിന് ഇറങ്ങാത്ത പാർട്ടി കുടുംബങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ ഭീകര മർദ്ദനത്തിന് വിധേയരായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതികൾ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് ഒതുക്കി തീർക്കുകയാണ് പതിവ്.
കഴിഞ്ഞ വർഷം എസ്.എഫ്.ഐക്കാർ ഇരുചേരികളിലായി തമ്മിലടിക്കുകയും പിന്നീട് വീട് കയറിയുള്ള അക്രമത്തിലേക്ക് നീങ്ങിയ സംഭവവും ഉണ്ടായി. മങ്ങാട്ടുള്ള വിദ്യാർത്ഥിയെ വീട്ടിൽകയറി അപായപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്നാണ് സംഘമെത്തിയത്. ഇതിനെക്കുറിച്ച് കൊല്ലം എ.സി.പിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രമം പാളിയെന്ന് മാത്രമല്ല അർദ്ധരാത്രി ക്വട്ടേഷൻ സംഘത്തെ വാഹനവും ആയുധങ്ങളും സഹിതം പിടികൂടാനും പൊലീസിന് കഴിഞ്ഞു.
ഒരു വർഷം... ശരാശരി 15 കേസുകൾ
കോളേജിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഓരോ വർഷും ശരാശരി 15 കേസുവരെ കൊല്ലം ഈസ്റ്ര് പൊലീസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി അറസ്റ്റിന് മുതിരുന്നില്ലെങ്കിലും പിൽക്കാലത്ത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന നിലയിൽ കേസുകൾ മാറുന്നതാണ് പതിവ്. വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പിൽക്കാലത്ത് പല വിദ്യാർത്ഥികളുടെയും ജീവിതത്തെ താറുമാറാക്കും. ജീവിതത്തിൽ ഒരിടത്തുമെത്താതെ ഇതിന്റെ ദുരനുഭവം പേറുന്ന നിരവധിപേരുണ്ട്. കേസുകളുടെ ബാഹുല്യവും ക്രമസമാധാന പ്രശ്നങ്ങളും സർവ സീമകളും ലംഘിച്ചതോടെയാണ് പല മാനേജ്മെന്റുകളും കാമ്പസ് രാഷ്ട്രീയം നിരോധിച്ചുള്ള കോടതി വിധികൾ സമ്പാദിച്ചത്. എസ്.എൻ കോളേജിലും ഇത്തരം കോടതി വിധി നിലവിലുള്ളപ്പോഴാണ് കാമ്പസിനുള്ളിൽ എസ്.എഫ്.ഐ യുടെ പേരിലുള്ള അഴിഞ്ഞാട്ടം നടക്കുന്നത്.
കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണം തേടും
കാമ്പസിനുള്ളിൽ പ്രകടനവും രാഷ്ട്രീയ പ്രവർത്തനവും നിരോധിച്ചുകൊണ്ടുള്ള കോടതി വിധി ലംഘിച്ച് എസ്.എഫ്.ഐ നടത്തുന്ന അതിക്രമത്തിനെതിരെ ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകാൻ മാനേജ്മെന്റ് നടപടി ആരംഭിച്ചു. അക്രമസംഭവങ്ങളുണ്ടാകുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കുന്ന പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ കോളേജിന് പൊലീസ് സംരക്ഷണം നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.