photo
തീൻ മേശകളിൽ വിളമ്പുന്നതിനുള്ള നാടൻ വിഭവങ്ങൾ കന്നേറ്റി ശ്രീനാരായണ ഗുരു പവലിയനിൽ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നു.

വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കായൽത്തീരത്ത് നഗരസഭ സംഘടിപ്പിച്ച ആദ്യ സംരംഭം

കരുനാഗപ്പള്ളി: വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കന്നേറ്റി ശ്രീനാരായണ ഗുരു പവലിയനിൽ സംഘടിപ്പിച്ച രുചിക്കൂട്ട് ശ്രദ്ധേയമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നാവിൽ രുചിയൂറുന്ന ഓണാട്ടുകരയുടെ തനത് വിഭവങ്ങൾ തത്സമയം പാകം ചെയ്താണ് കായൽത്തീരത്തുള്ള തീൻ മേശകളിൽ എത്തിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായാണ് രുചിക്കൂട്ട് സംഘടിപ്പിച്ചത്. കപ്പയ്ക്കും മീൻകറിക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്. ഒരു പ്ലേറ്റ് കപ്പയ്ക്കും രണ്ട് കഷണം മീനോടു കൂടിയ കറിക്കും 75 രൂപയാണ് വില. കൂടാതെ പഴംപൊരി, പഴം ബജ്ജി, മുളക് ബജ്ജി, കപ്പ ബിരിയാണി, കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്, ഉണ്ണിയപ്പം, കേക്ക് തുടങ്ങി എല്ലാ നാടൻ വിഭവങ്ങളും ആവി പറക്കുന്ന മണത്തോടെ ഉപഭോക്താക്കളുടെ മുന്നിലെത്തും. പുത്തൻ തലമുറ കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത നാടൻ വിഭവങ്ങളാണ് തീൻ മേശകളിൽ വിളമ്പുന്നത്. എല്ലാ നാടൻ ഭക്ഷണങ്ങളും പവലിയനിൽ വെച്ചാണ് പാചകം ചെയ്യുന്നത്. മീൻ കറി വലിയ കറിച്ചട്ടികളിലാണ് വെയ്ക്കുന്നത്. ചിക്കൻ പിരട്ടിയത് നാടൻ വിഭവങ്ങളിലെ പ്രധാന ഐറ്റങ്ങളിൽ ഒന്നാണ്. രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ഭക്ഷ്യമേള രാത്രി 8 മണിയോടെയാണ് സമാപിക്കുന്നത്. ആഹാരത്തിന് ശേഷം പള്ളിക്കൽ ആറ്റിലൂടെ ബോട്ട് സവാരിയും നടത്താം. ഡി.ടി.പി.സിയുടെ വിനോദസഞ്ചാര ബോട്ട് പവലിയനോട് ചേർന്നു തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിച്ചു. മൂന്ന് ദിവസമായി നടന്നുവരുന്ന രൂചിക്കൂട്ട് ഇന്ന് രാത്രിയോടെയാണ് സമാപിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ നിന്ന് തിരഞ്ഞെടുത്ത 5 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്.