lionfish

കൊല്ലം: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ അക്വേറിയങ്ങളിലൊന്ന് ഇനി കൊല്ലത്തിന് സ്വന്തം. കടലാഴങ്ങളിൽ മാത്രം കാണുന്ന വർണമത്സ്യങ്ങൾ നമ്മുടെ കൺമുന്നിൽ എത്തുകയാണ്. കൊല്ലം ബീച്ചിലെത്തുന്ന സന്ദർശകർക്കായി ഒരുക്കുന്ന ഈ വിസ്മയം ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. സമുദ്രത്തിന്റെ സ്വാഭാവിക അവസ്ഥയ്‌ക്ക് സമാനമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന അക്വേറിയത്തിൽ 24 ടാങ്കുകളും 12,000 ലിറ്റർ ശേഷിയുള്ള കുളവും ഉണ്ട്. അപൂർവയിനം മത്സ്യങ്ങൾ ഉൾപ്പെടെ 20 ഓളം വ്യത്യസ്‌ത ഇനങ്ങളാണ് അക്വേറിയത്തിലുള്ളത്.

ഒന്നരക്കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച അക്വേറിയത്തിൽ പ്രവേശന ഫീസുണ്ടായിരിക്കും. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പരിഗണനയിലുള്ളത്. അക്വേറിയത്തിന്റെ ഭിത്തികളിൽ മത്സ്യങ്ങളുടെയും മത്സ്യകന്യകയുടെയും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. മിസ് കേരള ഓസ്‌ക്കാർ, ലയൺ ഫിഷ്, സിൽവർ അരോണ, മൂറിഷ് ഐഡൽ എന്നിവയാണ് അക്വേറിയത്തിലെ പ്രധാന ആകർഷണങ്ങൾ.

ആറു വർഷം മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച അക്വേറിയം പൂർണമായതോടെ ഹാർബർ എൻജിനിയറിംഗ് വിഭാഗം കോർപ്പറേഷന് കൈമാറി. അക്വേറിയത്തിനായി സ്ഥലം വിട്ടുനൽകിയതും ഹാർബർ എൻജിനിയറിംഗ് വിഭാഗമാണ്. വളരെ പ്രാധാന്യത്തോടെ ആരംഭിക്കുന്ന അക്വേറിയത്തിന്റെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതിനാൽ വിദഗ്ദരായ ആൾക്കാരുടെ മേൽനോട്ടത്തിലാവും പ്രവർത്തനം.

24 ടാങ്കുകൾ

12,000 ലിറ്റർ ശേഷിയുള്ള കുളം

20 ഓളം വ്യത്യസ്‌ത ഇനങ്ങൾ