കൊല്ലം: സാമ്പത്തിക ബുദ്ധിമുട്ട് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായതോടെ ട്രാക്കിൽ കാലിടറി നിൽക്കുകയാണ് പുനലൂർ സ്വദേശിനി ശ്രീന. ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മീറ്റിലേക്ക് യോഗ്യത നേടിയെങ്കിലും പണമില്ലാത്തതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വിഷമം ഉള്ളിലൊതുക്കി പുഞ്ചിരിക്കുകയാണ് ഈ യുവതി.
ഉളിയക്കോവിൽ പഴയത്തുവീട്ടിൽ വിജയമ്മയുടെയും സേതുവിന്റെയും മകളാണ് ശ്രീന (ശ്രീദേവി). ഭർത്താവ് സജിയുടെ പിന്തുണ കൊണ്ട് മാത്രമാണ് കായികമേഖലയിലേക്ക് കടന്നുവന്നതെന്ന് ശ്രീന അഭിമാനത്തോടെ പറയുന്നു. കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ ഷിബു ജർമ്മന്റെ കീഴിലാണ് പരിശീലനം.
ശ്രീനയുടെ വിജയക്കൊയ്ത്ത്
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് രാജ്യങ്ങളിൽ നടന്ന വിവിധ മാസ്റ്റേഴ്സ് മീറ്റുകളിൽ മെഡലുകളും ഈ മാസം സിംഗപ്പൂരിൽ നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണമെഡൽ ഉൾപ്പെടെ അഞ്ച് മെഡലുകളും കരസ്ഥമാക്കിയതാണ് ശ്രീനയുടെ നേട്ടം. മത്സരിച്ച അഞ്ചിനങ്ങളിലും മെഡലുകൾ നേടി ഹൈജമ്പിൽ സ്വർണ്ണവും ട്രിപ്പിൾ ജമ്പിലും 4x100 മീറ്റർ റിലേയിൽ വെള്ളിയും ലോംഗ് ജമ്പിലും 400x4 മീറ്റർ റിലേയിലും വെങ്കലവും കരസ്ഥമാക്കി.
ചൈനയിൽ നടന്ന ഏഷ്യൻ മീറ്റിൽ മെഡൽ നേടി വേൾഡ് മീറ്റിന് സ്പെയിനിലേക്ക് യോഗ്യത നേടിയിരുന്നു. പൈസയുടെ കുവുമൂലം പോകാൻ കഴിഞ്ഞില്ല. സർക്കാരിൽ നിന്നോ മറ്റ് സംഘടനകളിൽ നിന്നോ യാതൊരു സഹായവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ശ്രീനയും ഭർത്താവ് സജിയും പറയുന്നു. പലതവണ സർക്കാരിന് അപേക്ഷ നൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന പരാതിയും ഇവർക്കുണ്ട്.