പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും
കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് യുവാക്കളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു. റെയിൽവേ സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹിം. വിരമിച്ച ജീവനക്കാർക്ക് കരാർ അടിസ്ഥാനത്തിൽ പുനർനിയമനം നൽകി യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ. ബി.എസ്.എൻ.എല്ലും റെയിൽവേയും സ്വകാര്യവത്കരണത്തിന്റെ പാതയിലാണ്. ബി.എസ്.എൻ.എൽ ഏത് കുത്തകയ്‌ക്ക് വിൽക്കണമെന്ന കാര്യം മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. കൊല്ലം വഴി പോകുന്ന പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ സ്വകാര്യ മുതലാളിമാർക്ക് കൈമാറാനുള്ള നീക്കം അവസാന ഘട്ടത്തിലാണെന്നും റഹിം പറഞ്ഞു.
ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എസ്. ബിനു, കെ. പ്രദീപ്, ജി. ഗോപിലാൽ, ടി.ആർ. ശ്രീനാഥ്, ആർ.എൽ. വിഷ്‌ണുകുമാർ, എസ്. ഷബീർ തുടങ്ങിയവർ സംസാരിച്ചു.