കൊല്ലം: ആധുനിക കാലത്ത് ആയുർവേദം കൂടുതൽ ജനകീയവൽക്കരിക്കപ്പെടുകയാണെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കേരളകൗമുദി, മങ്ങാട് ആരോഗ്യരക്ഷാമണി ആയുർവേദ ആശുപത്രി, ശ്രീകുമാരപുരം നഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി മേയർ.
ആയുർവേദത്തിന്റെ ഫലസിദ്ധിയിൽ വിശ്വാസമർപ്പിച്ച് ലോകം കേരളത്തിലേക്കെത്തുകയാണ്. രോഗമുക്തിക്കും പ്രതിരോധ ശേഷിക്കും മികച്ച ചികിത്സാ മാർഗമാണ് ആയുർവേദമെന്നും വിജയ ഫ്രാൻസിസ് പറഞ്ഞു.
ആരോഗ്യരക്ഷാമണി ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ.എം.ആർ. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്‌ണൻ, ആശുപത്രി ഡയറക്ടർമാരായ ഡോ.പി. സുരേഷ്, ഡോ.പി. ബാലസുബ്രഹ്മണ്യം, ശ്രീകുമാരപുരം നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി. വിജയൻ, മങ്ങാട് ഉപേന്ദ്രൻ, പി.എൻ. ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്‌ടർമാരായ എച്ച്.എസ്. ദർശന, എം.എസ്. ദീപ്‌തി, സ്വാതി സുധീഷ്, അക്തർ മുഹമ്മദ്, സജിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ നടന്ന ക്യാമ്പിൽ ഇരുന്നൂറിലേറെ രോഗികൾ പങ്കെടുത്തു. മരുന്നുകളും സൗജന്യമായി വിതരണം ചെയ്‌തു.