ചാത്തന്നൂർ: സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2018-2019ലെ എസ്. ഗോപാലകൃഷ്ണപിള്ള പുരസ്‌കാരത്തിന് ചിറക്കര ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. മുല്ലക്കര രത്നാകരൻ എം.എൽ.എയിൽ നിന്ന് അവാർഡും പ്രശംസി പത്രവും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഏറ്റുവാങ്ങി. സംസ്ഥാനത്തിന് തന്നെ മാതൃകയായി ഒട്ടനവധി ജനകീയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയത് മുൻനിറുത്തിയാണ് പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്.
ജി.എസ്. ജയലാൽ എം.എൽ.എ, മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, മുസ്‌തഫ, എൻ. രവീന്ദ്രൻ, രഘുനാഥൻ, പാരിപ്പള്ളി ശ്രീകുമാർ, സന്തോഷ്‌കുമാർ, അനിൽകുമാർ, ബിനു, ബിന്ദുസുനിൽ, ശകുന്തള, ഉല്ലാസ്‌കൃഷ്ണൻ, പ്രേമചന്ദ്രൻ ആശാൻ, വിനോദ്‌കുമാർ, സിന്ധുമോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മാതൃകാ മത്സ്യ കൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ആരോഗ്യ കേരളം പുരസ്‌കാരവും ലഭിച്ച ഐ.എസ്.ഒ സർട്ടിഫൈഡ് പഞ്ചായത്താണ് ചിറക്കര ഗ്രാമ പഞ്ചായത്തെന്ന് പ്രസിഡന്റ് ടി.ആർ. ദീപു പറഞ്ഞു. ജില്ലയിലെ ആദ്യ വനിതാ - ശിശു സൗഹൃദ പഞ്ചായത്താണ് ചിറക്കര. കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് ശതമാനം നികുതി പിരിവും നൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചും മുന്നിലെത്തിയ പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ഒരു മീനും ഒരു നെല്ലും പദ്ധതിയുടെ ഭാഗമായി പോളച്ചിറ ഏലായിൽ ആയിരത്തി അഞ്ഞൂറ് ഏക്കറിൽ മത്സ്യ കൃഷിയും നടത്തിവരികയാണ്. നെൽകൃഷിക്കായി പറക്കും ഞാർ, ബഡ്സ് സ്‌കൂൾ, പകൽ വീട് തുടങ്ങിയ പദ്ധതികളും പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.