soda

കൊല്ലം: കോളേജ് ജംഗ്ഷൻ, തങ്കശ്ശേരി, ആൽത്തറമൂട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് മദ്യബ്രാൻഡുകളുടെ പേരിൽ സോഡ വിൽപ്പന നടത്തിയ കടകളിൽ എക്സൈസ് വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. മദ്യത്തിന്റെ പേരിട്ട് ഇതേ രുചിയും മണവുമുള്ള പാനീയങ്ങളാണ് വിൽപ്പന നടത്തിയിരുന്നത്. സ്കൂൾ കോളേജ് കുട്ടികൾ കൂട്ടത്തോടെ കടയിലെത്തി ഇത് കുടിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ചില കുട്ടികൾക്ക് തലക്കറക്കവും മറ്റ് ചില അസ്വസ്ഥതകളും ഉണ്ടായതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെയും ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജുവിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ പാനീയങ്ങൾക്ക് മദ്യത്തിന്റെ രുചി അനുഭവപ്പെട്ടതിനാൽ ഇവയിൽ ആൽക്കഹോളോ മറ്റ് രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ചു.

കടകൾ ഫുഡ് സേഫ്റ്റി ലൈസൻസുകൾ എടുത്തിട്ടില്ലാത്തതിനാൽ ഇവിടുത്തെ വിൽപ്പന നിറുത്തിവയ്പ്പിച്ചു. പരിശോധന നടക്കുന്ന സമയത്തും ഈ പാനീയങ്ങൾ വാങ്ങുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ അടക്കം എത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ചിത്രാ മുരളി, അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് കുമാർ. പ്രിവന്റീവ് ഓഫീസർ ശശികമാർ, വിഷ്ണുരാജ് ശരത്, അഖിൽ അനിൽ, മുഹമ്മദ് ആഷിഖ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.