കടവുകളിൽ ഒഴുകി നടക്കുന്നത് നൂറുകണക്കിന് ചാക്ക് മാലിന്യം
വെള്ളം ഉപയോഗിച്ച് രോഗഭീഷണിയുടെ നടുവിൽ ആയിരങ്ങൾ
കുന്നത്തൂർ: ആയിരങ്ങൾ ആശ്രയിക്കുന്ന കല്ലടയാറിനെ കാളിന്ദിയാക്കി അനുദിനം തുടരുന്ന മാലിന്യ നിക്ഷേപം. കോഴിവേസ്റ്റ് അടക്കമുള്ളവയാണ് ചാക്കുകളിൽ കെട്ടി ഇരുളിന്റെ മറവിൽ കൊണ്ടുവന്ന് തള്ളുന്നത്. കഴിഞ്ഞദിവസം കുന്നത്തൂർ പാലത്തിന് താഴെ മാലിന്യം കൊണ്ടുവന്നിട്ടതാണ് അവസാനത്തെ സംഭവം. പാലത്തിന്റെ മദ്ധ്യഭാഗത്തായി അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതിനാൽ ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിലെ ഏറ്റവും തിരക്കേറിയ പാലമാണ് കുന്നത്തൂർ. ദുർഗന്ധം സഹിക്കാൻ കഴിയാതെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.
പലകടവുകളിലും ഇതാണ് അവസ്ഥ. നൂറുകണക്കിന് ചാക്ക് മാലിന്യമാണ് ആറ്റിലൂടെ ഇത്തരത്തിൽ ഒഴുകി നടക്കുന്നത്. പവിത്രേശ്വരം, കുന്നത്തൂർ പഞ്ചായത്തുകളിലെ കുളിക്കടവുകളിലും തീരത്തുമാണ് സ്ഥിതി ഏറെ ഗുരുതരം. മാലിന്യം ചീഞ്ഞളിഞ്ഞ് വെള്ളത്തിന് ദുർഗന്ധവും നിറവ്യത്യാസവും ഉണ്ടായിട്ടുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ആറ്റിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്ഥിരമായി ഈ വെള്ളം ഉപയോഗിച്ചാൽ ത്വക്ക് രോഗം അടക്കമുള്ള മാരകരോഗങ്ങൾ പടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. തൊട്ടടുത്തുള്ള മാർക്കറ്റുകളിൽ നിന്നുള്ള മാലിന്യമാണ് കല്ലടയാറ്റിലേക്ക് വലിച്ചെറിയുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ഇത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുവായുള്ള ആവശ്യം.
വേണം കാമറാ നിരീക്ഷണം
പതിവായി അറവുമാലിന്യവും സെപ്ടിക് ടാങ്ക് മാലിന്യവും ബാർബർ ഷോപ്പുകളിലെ വേസ്റ്റും തള്ളുന്നത് കുന്നത്തൂർ പാലത്തിലും പരിസരത്തുമായാണ്. എന്നാൽ ആരെയും പിടികൂടാനായിട്ടില്ല. പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. പൊലീസിന്റെ രാത്രികാല പട്രോളിംഗും നാമമാത്രമാണ്. ഇതാണ് മാലിന്യനിക്ഷേപകർക്ക് ഗുണമാകുന്നത്.