congress
കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്. ജയലാൽ എം.എൽ.എയുടെ വസതിയിലേക്ക് സംഘടിപ്പിച്ച മാർച്ച്

 ബാരിക്കേഡ് മറിഞ്ഞ് രണ്ട് നേതാക്കൾക്ക് പരിക്ക്

ചാത്തന്നൂർ: സ്വകാര്യ ആശുപത്രി ഇടപാടിൽ ആരോപണ വിധേയനായ ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ രാജിവയ്ക്കണമെന്ന് ആവശ്യപെട്ട് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കല്ലുവാതുക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ചിറക്കര മൂലക്കട ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്നു പോകാൻ ശ്രമിക്കുന്നതിനിടെ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് പരിക്കുപറ്റി.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ചാത്തന്നൂർ മുരളി, ബിജു പാരിപ്പള്ളി, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, എ. ഷുഹൈബ്, ശ്രീലാൽ, സുഭാഷ് പുളിക്കൽ, ഉണ്ണിക്കൃഷ്ണൻ, സിസിലി സ്റ്റീഫൻ, എം. സുന്ദരേശൻ പിള്ള, പരവൂർ സജീബ് തുടങ്ങിയവർ സംസാരിച്ചു.

ബാരിക്കേഡ് മറിഞ്ഞ് പരിക്കുപറ്റിയ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമാരായ വി.കെ. സുനിൽകുമാർ, പാരിപ്പള്ളി വിനോദ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.