കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറെ വീട്ടുവളപ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പുനുക്കന്നൂർ അശ്വതിയിൽ സന്തോഷിന്റെ ഭാര്യ വസന്തകുമാരിയാണ് (44) മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. കൊല്ലം വനിതാ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഒരാഴ്‌ച മുമ്പാണ് വസന്തകുമാരിയെ കൊട്ടിയം സ്റ്റേഷനിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ പാറാവ് ജോലിക്ക് കയറേണ്ടിയിരുന്നതാണ്.
ജോലിയിലെ സമ്മർദ്ദം ആത്മഹത്യയ്‌ക്ക് കാരണമായെന്ന വിമർശനം സഹപ്രവർത്തകർക്കുണ്ട്. എന്നാൽ വസന്തകുമാരിക്ക് ചില മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നുവെന്ന നിലപാടാണ് കുണ്ടറ പൊലീസ്. പാചക ജോലികൾ കരാറെടുത്ത് ചെയ്‌തിരുന്ന ഭർത്താവ് സന്തോഷ് വെള്ളിയാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊട്ടിയം പൊലീസ് സ്റ്റേഷനിലും കൊല്ലം എ.ആർ.ക യാമ്പിലും പൊതുദർശനത്തിന് വെച്ചു. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി സംസ്‌കരിച്ചു. അശ്വതി, ആരതി എന്നിവർ മക്കളാണ്.