vishnu-17

കൊല്ലം: തിരുമുല്ലവാരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. മനയിൽക്കുളങ്ങര ഗവ. വനിതാ ഐ.ടി.ഐ ക്ക് സമീപം ജവഹർ നഗർ കുപ്പോട്ട് കിഴക്കതിൽ രാജീവന്റെയും പ്രമീളയുടെയും മകൻ വിഷ്ണു (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കടലോരത്ത് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കാനെത്തിയ വിഷ്ണു കടലിൽ ഇറങ്ങുന്നതിനിടെ തിരയിൽ അകപ്പെട്ടു.

കരയിൽ ഫുട്ബാൾ കളിക്കുകയായിരുന്ന സുഹൃത്തുക്കളാണ് വിഷ്ണു മുങ്ങിത്താഴുന്നത് കണ്ടത്. ഇവർ നിലവിളിച്ച് ആളെക്കൂട്ടിയപ്പോഴേക്കും വിഷ്ണുവിനെ കടലിൽ കാണാതായി. തുടർന്ന് നീണ്ടകര കോസ്റ്റൽ പൊലീസും ഈസ്റ്റ് പൊലീസും ചാമക്കടയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഇവർക്ക് കടലിലിറങ്ങാനായില്ല. ആറ് മണിയോടെ പ്രദേശ വാസികളിൽ ചിലരാണ് തീരത്തോട് ചേർന്ന് കടലിൽ മൃതദേഹം കണ്ടത്. പ്രദേശവാസികളും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ച മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.