road
പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്ന നിലയിൽ

 റോ‌ഡുകൾ തകർന്നിട്ട് മാസങ്ങളേറെ

അഞ്ചാലുംമൂട്: പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡുകൾ രോഗികളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ട് മാസങ്ങളേറെ. തര്യൻമുക്കിൽ നിന്നും മുളമൂട്ടിൽ നിന്നും രണ്ട് റോഡുകളാണ് ഇവിടെ എത്തിച്ചേരുന്നതിനുള്ളത്. ഈ രണ്ട് റോഡുകളും പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളേറെയായെങ്കിലും അധികൃതർക്ക് കണ്ട ഭാവമില്ല.

പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും ചിറ്റയം മാടൻനട ശിവക്ഷേത്രത്തിലേക്കുമായി ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യാറുള്ളത്. റോഡ് തകർന്നതോടെ കാൽനടയാത്രയും വാഹന യാത്രയും ഏറെ ദുഷ്കരമായി. അവശരായ രോഗികളെയും കൊണ്ട് വാഹനങ്ങൾ കുണ്ടിലും കുഴിയിലും ചാടി വേണം ഈ റോഡുകളിലൂടെ ആശുപത്രിയിൽ എത്തേണ്ടത്. സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികളും ഇരുചക്രവാഹന യാത്രികരും മറിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്.

പഞ്ചായത്ത് മെമ്പറോടും ബന്ധപ്പെട്ട അധികൃതരോടും നിരവധി തവണ റോഡിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണക്കാർക്കും രോഗികൾക്കും ഏറെ പ്രയോജനപ്രദമായ ഈ റോഡുകളുടെ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ വൻപ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്.

അടിയന്തരമായി റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധിക്യതർ തയ്യാറായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.